കാസര്‍കോട്: അനധികൃതമായി കടത്തുകയായിരുന്ന വെള്ളി ആഭരണങ്ങള്‍ എക്സൈസ് സംഘം പിടികൂടി. 13 കിലോയോളം വെള്ളി ആഭരണങ്ങളുമായി രാജസ്ഥാന് സ്വദേശി തരുണ്‍ ടാമാണ് പിടിയിലായത്. മഞ്ചേശ്വരം ചെക്പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് രേഖകളില്ലാത്ത വെള്ളി ആഭരണങ്ങള്‍ പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടെയും കണ്ണൂരിലേയും വില്പന കേന്ദ്രങ്ങളിലേക്കാണ് ആഭരണങ്ങള്‍ കടത്തിയതെന്നാണ് സൂചന. കര്‍ണാട ബസില്‍ ചെറു കവറുകളിലാക്കി ബാഗില്‍ കടത്തുകയായിരുന്ന ആഭരണങ്ങള്‍ എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പിടികൂടിയത്.
പ്രതി തരുണിനേയും ആഭരണങ്ങളും എക്സൈസ് സംഘം ചരക്ക് സേവന നികുതി വകുപ്പിന് കൈമാറി.വടക്കന്‍ കേരളത്തിലെ പല ജ്വല്ലറികളിലേക്കും നികുതി വെട്ടിച്ച് ആഭരണങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ അംഗമാണ് തരുണെന്നാണ് സൂചന. ഇയാള്‍ നേരത്തെ ഇത്തരത്തില്‍ സ്വര്‍ണ ആഭരണങ്ങളും കടത്തിയതായും വിവരമുണ്ട്.