തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യം തള്ളി ജിഎസ്ടി കൗണ്‍സില്‍. ലോട്ടറി ജിഎസ്ടി ഏകീകരിച്ചു. കേരള ലോട്ടറികളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്തും. മാര്‍ച്ച് 1 മുതല്‍ ഏകീകരിച്ച ലോട്ടറി ജിഎസ്ടി പ്രാബല്യത്തില്‍ വരും.
നിലവില്‍ സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും ഇടനിലക്കാര്‍ വഴി നടത്തുന്നതിന് 28 ശതമാനവുമാണ് ചരക്കുസേവനനികുതി. ഇതുമൂലം ഇതരസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ ലാഭകരമായി നടത്താന്‍ പറ്റാത്ത സ്ഥിതിയായിരുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലോട്ടറിയുടെ ജിഎസ്ടി കുറയ്ക്കുകയും ഏകീകരിക്കുകയും ചെയ്യുന്നതിന് കടുത്ത സമ്മര്‍ദമാണ് ഈ സാഹചര്യത്തില്‍ ഉയര്‍ന്നത്. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി ഇതിനെ മറികടക്കാനുള്ള കേരളം നടത്തിയെങ്കിലും വിജയിച്ചില്ല.
ഇന്നുചേര്‍ന്ന ലോട്ടറി സബ് കമ്മിറ്റിയില്‍ നിരക്ക് കുറയ്ക്കരുതെന്നും ഏകീകരിക്കരുതെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ആന്ധ്ര, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സബ് കമ്മിറ്റിയില്‍ ഭിന്നാഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ ജിഎസ്ടി കൗണ്‍സിലിലാണ് അന്തിമതീരുമാനം കൈക്കൊണ്ടത്. പരാജയം ഉറപ്പിച്ചപ്പോള്‍ എല്ലാ ലോട്ടറിയുടെയും നികുതി 28 ശതമാനമാക്കണം എന്ന് കേരളം ആവശ്യപ്പെട്ടു.
രാജ്യമാകെ ഒറ്റ നികുതി മതിയെന്ന് ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ച മന്ത്രിതല സമിതി നടത്തിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ തീരുമാനം.
Discussion about this post