ശബരിമല അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം നൂറുകോടി രൂപ അനുവദിച്ചിട്ടും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല..! കേരളം സ്റ്റാലിനിസ്റ്റ് യുഗത്തിലേയ്ക്ക് പോയി; നരേന്ദ്ര മോഡിയ്ക്കും അമിത് ഷായ്ക്കും നന്ദി; കണ്ണന്താനം

പത്തനംതിട്ട: ശബരിമല അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം നൂറുകോടി രൂപ അനുവദിച്ചിട്ടും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല, ദയനീയം. കേരളം സ്റ്റാലിനിസ്റ്റ് യുഗത്തിലേയ്ക്ക് പോയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും അമിത് ഷായ്ക്കും നന്ദിയെന്നും കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ ട്വിറ്ററിലൂടെയാണ് ഈ പ്രതികരണം.

‘ശബരിമലയിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ഞാന്‍ അവിടം സന്ദര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നൂറുകോടി രൂപ അനുവദിച്ചിട്ടും അവര്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ദയനീയം. തീര്‍ത്ഥാടകരോട് സംസ്ഥാന സര്‍ക്കാര്‍ അതിക്രൂരമായാണ് പെരുമാറുന്നത്. കേരളത്തില്‍ സ്റ്റാലിന്‍ യുഗം തിരിച്ചുവന്നിരിക്കുന്നു. നന്ദിയുണ്ട് അമിത് ഷാ, നരേന്ദ്രമോദി, ബിജെപി, അരുണ്‍ ജെയ്റ്റ്‌ലി’ എന്നായിരുന്നു കണ്ണന്താനത്തിന്റെ ട്വീറ്റ്.

കേന്ദ്രം നല്‍കിയ 100 കോടി സംസ്ഥാനം ചെലവഴിച്ചോ എന്ന് വിലയിരുത്താനാണ് സന്ദര്‍ശനം എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ രഹസ്യമായി ബിജെപി പ്രക്ഷോഭത്തിന് കരുത്ത് പകരാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. എന്നാല്‍ കണ്ണന്താനത്തിന്റെ വാദം തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി 100 കോടി കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും വെറും 18 കോടി മാത്രമാണ് കേരളത്തിന് അനുവദിച്ചതെന്നും കണ്ണന്താം ഇതെല്ലാം അറിഞ്ഞാണോ സംസാരിക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നും കടകംപള്ളി പറഞ്ഞിരുന്നു.

Exit mobile version