തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഹർത്താൽ കെഎസ്ആർടിസി ബസിനു നേരെയുള്ള ആക്രമണമായി മാറി. പൊതുജനജീവിതത്തെ സാരമായി ബാധിച്ച ഹർത്താൽ ചിലയിടങ്ങളിൽ സംഘർഷങ്ങൾക്കും ആക്രമണത്തിനും വഴിയൊരുക്കി. ഹർത്താൽ ആരംഭിക്കുന്നതിന് മുമ്പ് ആലുവയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്താണ് ഹർത്താൽ ആക്രമണങ്ങൾക്ക് തുടക്കമായത്.
പിന്നിടങ്ങോട്ട് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ചൊവ്വാഴ്ചത്തെ ഹർത്താലിന്റെ പേരിൽ എറിഞ്ഞു തകർത്തത് 18 കെഎസ്ആർടിസി ബസുകളാണ്. ഇതിൽ പതിമൂന്നെണ്ണം ഓർഡിനറി ബസുകളാണ്. നാല് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളുടേയും ഒരു മിന്നൽ ബസിന്റേയും ചില്ലുകൾ തകർന്നിട്ടുണ്ട്.
ബസൊന്നിന് പന്ത്രണ്ടായിരം രൂപ വീതമാണ് അറ്റകുറ്റപണിക്ക് മാത്രം ചെലവാകുക. ഇത്തരത്തിൽ ചില്ലുകൾ തകർന്നതിനെ തുടർന്ന് 2,16,000 രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇത്രയും ബസുകളുടെ രണ്ടുദിവസത്തെ സർവീസും മുടങ്ങുന്നതോടെ വരുമാനനഷ്ടം 25 ലക്ഷം രൂപയുമായിരിക്കും. കെഎസ്ആർടിസിയുടെ സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നുണ്ടായവരുമാന നഷ്ടം വേറെയും.
Discussion about this post