കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് അങ്ങിങ്ങായി അക്രമം റിപ്പോര്‍ട്ട് ചെയ്തു. പലസ്ഥലങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ലോറി തടഞ്ഞ് താക്കോല്‍ ഊരിയെടുത്ത് ഓടി. കണ്ണൂര്‍ തലശ്ശേരി ദേശീയ പാതയിലാണ് സമരക്കാര്‍ ലോറിയുടെ താക്കോല്‍ ഊരിയെടുത്ത് ഓടിയത്.
രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. താക്കോല്‍ തിരികെ കിട്ടാത്തതിനാല്‍ ലോറി ദേശീയപാത ഓരത്തേക്ക് തള്ളിനീക്കി നിര്‍ത്തിയിരിക്കുകയാണ്. ടയര്‍ കത്തിച്ചും മുദ്രാവാക്യം വിളിച്ച് നടുറോഡില്‍ കുത്തിയിരുന്നുമാണ് പ്രതിഷേധക്കാരുടെ സമരം. കണ്ണൂരില്‍ റോഡ് ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂരില്‍ 13 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആലപ്പുഴയിയിലും തൊടുപുഴയിലും സമാനമായ സംഭവങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഹര്‍ത്താലനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയ ശേഷം താക്കോല്‍ ഊരി കൊണ്ടുപോയി. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ താക്കോലാണ് ഊരി കൊണ്ടുപോയത്. ആലപ്പുഴ മുഹമ്മയിലും സമരക്കാര്‍ വാഹനത്തിന്റെ താക്കോള്‍ ഊരിക്കൊണ്ട് പോയി.
Discussion about this post