തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ബ്യൂട്ടിപാര്‍ലറിന് തുടക്കമായി. പാലിയേറ്റീവ് കെയര്‍ ഉല്‍പ്പെടെയുള്ള സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബ്യൂട്ടിപാര്‍ലറിന്റെ ഉദ്ഘാടനം ഡിജിപി ഋഷിരാജ് സിംഗും ആര്‍ ശ്രീലേഖ ഐപിഎസും ചേര്‍ന്ന് നിര്‍വഹിച്ചു.
സര്‍ക്കാര്‍ അംഗീകൃത ബ്യൂട്ടീഷ്യന്‍ കോഴ്‌സ് കഴിഞ്ഞ 6 പേരുടെ മേല്‍നോട്ടത്തിലാണ് പാര്‍ലറിന്റെ പ്രവര്‍ത്തനം. ഫ്രീഡം ലുക്ക്‌സ് എന്നാണ് ബ്യൂട്ടിപാര്‍ലറിന്റെ പേര്. ഇത് വിജയകരമാവുന്നതോടെ സ്ത്രീകളുടെ ജയിലുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ തൊഴിലെടുത്ത് ജീവിക്കുന്നതിന് തടവുകാരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
വിവിധതരം ഫേഷ്യല്‍, ഹെയര്‍ ഡ്രസ്സിങ്, ഫേഷ്യല്‍ മസ്സാജിങ്, ഷേവിങ്, ഹെന്ന, ഹെയര്‍ കളറിങ് എന്നിവ ശീതീകരിച്ച റൂമില്‍ മിതമായ നിരക്കില്‍ ചെയ്ത് നല്‍കും. ഷേവിങ്, നഖം വെട്ടല്‍, മുടിമുറിക്കല്‍ എന്നിവ സ്വന്തമായി ചെയ്യാന്‍ കഴിയാത്ത വൃദ്ധജനങ്ങള്‍ക്ക് ഈ സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും.
കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂജപ്പുര കരമന റോഡില്‍ പരീക്ഷ ഭവനോട് ചേര്‍ന്നാണ് ഫ്രീഡം ലുക്ക്‌സ് പാര്‍ലര്‍. രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് മണിവരെയാണ് പ്രവര്‍ത്തനം.