പൗരത്വഭേഭഗതി നിയമം; വയനാട്ടിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ആശങ്കയില്‍

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ കത്തിപ്പടരുകയാണ്. ഇതിനിടെ വയനാട്ടില്‍ അഭയാര്‍ത്ഥികളായെത്തിയ റോഹിങ്ക്യന്‍ മുസ്ലീം കുടുംബങ്ങളും ഭീതിയിലാണ്.

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ കത്തിപ്പടരുകയാണ്. ഇതിനിടെ വയനാട്ടില്‍ അഭയാര്‍ത്ഥികളായെത്തിയ റോഹിങ്ക്യന്‍ മുസ്ലീം കുടുംബങ്ങളും ഭീതിയിലാണ്. 2013ലാണ് 11 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ജന്മനാടായ മ്യാന്‍മറില്‍ നിന്നും അസമിലേക്ക് കുടിയേറി പാര്‍ത്തത്. 2015ല്‍ ഡല്‍ഹി വഴി ഇവര്‍ കേരളത്തില്‍ എത്തി. പിന്നീട് മുസ്ലീം സംഘടനകളുടെ സഹായത്തോടെ വയനാട് മുട്ടിലില്‍ ഇവര്‍ താമസമാക്കി.

ഐക്യരാഷ്ട്ര സംഘടന നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമേ ഇവരുടെ പക്കല്‍ ഉള്ളൂ. മാന്യമായി ജോലിചെയ്ത് ഇവിടെത്തന്നെ ജീവിക്കാന്‍ അധികൃതര്‍ അനുവദിക്കണമെന്നാണ് ഈ അഭയാര്‍ത്ഥികളുടെ ആവശ്യം.

ഔദ്യോഗിക കണക്ക് പ്രകാരം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായി കേരളത്തിലെത്തിയ 11 പേരും ഇപ്പോള്‍ വയനാട്ടിലാണ് താമസം. ഇവരില്‍ 5 പേര്‍ സ്ത്രീകളാണ്. എന്നാല്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമ്പോള്‍ തങ്ങളെ ഇവിടെനിന്നും പുറത്താക്കുമോയെന്ന ആശങ്കയിലാണ് എല്ലാവരും.

അതേസമയം, രാജ്യത്ത് അഭയാര്‍ത്ഥികളായി എത്തിയവര്‍ ഔദ്യോഗിക ക്യാമ്പുകളിലാണ് കഴിയേണ്ടതെന്നാണ് അധികൃതരുടെ നിലപാട്. ഈയിടെ വയനാട്ടിലേക്ക് വന്ന മൂന്ന് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ പോലീസ് ഹൈദരാബാദിലെ ക്യാമ്പിലേക്കുതന്നെ തിരിച്ചയച്ചിരുന്നു.

Exit mobile version