തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ തുടരുന്നു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏതാനും ഇടങ്ങളില്‍ ബസ്സുകള്‍ തടയുകയും ഒന്നു രണ്ടിടങ്ങളില്‍ ബസുകള്‍ക്കു നേരെ കല്ലേറുമുണ്ടായിട്ടുണ്ട്. പൊതുവില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഹര്‍ത്താലിന്റെ ഭാഗമായി കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരെ കരുതല്‍ തടങ്കലിലാക്കി.
പാലക്കാട് ജില്ലയില്‍ കെഎസ്ആര്‍ടിസി ബസ് തടയാന്‍ ശ്രമിച്ച ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ട് പേരും പോലീസ് കസ്റ്റഡിയിലാണ്.
കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ 13 പേര് കരുതല്‍ തടങ്കലിലാണ്. കണ്ണൂരില്‍ ഇതുവരെ സ്ഥിതി ശാന്തമാണെന്നാണ് റിപ്പോട്ട്. സ്വകാര്യ ബസുകള്‍ ഓടുന്നില്ല. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നുണ്ട്. ജില്ലയില്‍ ആകെ ഇതുവരെ 50 പേരെ കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ ചക്കരക്കല്‍, പരിയാരം, എടക്കാട്, പാനൂര്‍, മട്ടന്നൂര്‍, മുരിങ്ങോടി എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ ടയര്‍ കത്തിച്ചു.
ആലുവയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ആലുവ – മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. എറണാകുളത്തും നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുണ്ട്.
അതേസമയം, മുന്‍കൂര്‍ അനുമതി ഇല്ലാത്തതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ പറഞ്ഞിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post