കൊച്ചി: ഉറച്ച നിശ്ചയദാര്‍ഢ്യം ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് വിജയത്തിലെത്തിക്കും എന്നതിന് തെളിവായി വീട്ടമ്മയുടെ വിജയഗാഥ. പത്താംക്ലാസ്സില്‍ വച്ച് പഠനം നിര്‍ത്തേണ്ടി വന്നിട്ടും 41ാം വയസ്സില്‍ സ്വപ്നമായ വക്കീല്‍ കുപ്പായം വരെ അണിഞ്ഞ് നില്‍ക്കുകയാണ് നീന.
എറണാകുളം വടുതല സ്വദേശിയായ കെജി നീനയ്ക്ക് 1996ല്‍ പത്താം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു. ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞു. 12 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുമ്പോള്‍ രണ്ടുകുട്ടികളുടെ അമ്മ കൂടിയായിരുന്നു.
മകളെയും പ്രായമായ മാതാപിതാക്കളും സംരക്ഷിക്കാന്‍ ഒരു ജോലി എന്നതായിരുന്നു നീനയുടെ ആദ്യ ലക്ഷ്യം. വീടിനടുത്തുള്ള മരക്കടയില്‍ ദിവസ വേതനത്തില്‍ ജോലിക്ക് കയറി. പത്താം ക്ലാസ് പോലും പാസാകാത്ത ഒരാള്‍ക്ക് ജോലി ലഭിക്കുക അത്ര എളുപ്പമല്ലെന്ന് നീന പറയുന്നു.
വക്കീല്‍ ഓഫീസില്‍ ടൈപ്പിസ്റ്റായി. ഇതിനിടെയാണ് അഭിഭാഷകയാകണമെന്ന മോഹമുദിച്ചത്. പക്ഷേ പത്താംക്ലാസ് പാസാകാതെ എങ്ങനെ വക്കീലാകും എന്ന ചോദ്യമാണ് നീനയെ സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ കോഴ്സിലേക്ക് എത്തിച്ചത്. അങ്ങനെയാണ് വീണ്ടും പഠനം തുടരാന്‍ തീരുമാനിച്ചത്. തുല്യതാ പരീക്ഷയെഴുതി പത്താംക്ലാസില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പാസായി. ഓപ്പണ്‍ സ്കൂളില്‍ ചേര്‍ന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. ജോലിക്കിടയിലും വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനിടയിലുമൊക്കെ പഠനത്തിനായി സമയം കണ്ടെത്തി.
എല്‍എല്‍ബി എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ ആയി എത്തിയപ്പോള്‍ പ്രായം കൂടുതലാണെന്ന നിയമതടസ്സം ഉയര്‍ന്നു. തുടര്‍ന്ന് ഹൈക്കോടതിയിലെത്തി ഹര്‍ജി നല്കി നിയമ പോരാട്ടത്തിനൊടുവില്‍ എന്‍ട്രന്‍സ് എഴുതി. എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ നീന എറണാകുളം ലോ കോളേജിലാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്.
പ്രതിസന്ധികളോട് തോല്ക്കാന് മനസില്ലെന്ന് പറഞ്ഞ നീനയ്ക്ക് ഇത് സ്വപ്ന സാക്ഷാത്കാരമാണ്. ഹൈക്കോടതിയില്‍ നടന്ന നീനയുടെ എന്റോള്‍മെന്റ് ചടങ്ങ് കാണാന്‍ കുടുംബമൊന്നാകെ എത്തിയിരുന്നു.
Discussion about this post