കോട്ടയം: ഒരിക്കൽ അപമാനിച്ച് ഇറക്കിവിട്ട കോളേജിലേക്ക് ഇന്ന് ക്ഷണിക്കപ്പെട്ട അതിഥിയായി കയറി ചെല്ലുന്നതിന്റെ അനുഭവം പങ്കുവെച്ച് ചെറുകഥാകൃത്ത് മജീദ് സെയ്ത്. പഠനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും മുന്നിലായിരുന്ന തന്നെ അധ്യാപകനെ മർദ്ദിച്ചെന്ന കള്ളക്കേസുണ്ടാക്കി പുറത്താക്കിയ പൊള്ളുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് മജീദ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. പഠനം മുടങ്ങുകയും പിന്നീട് തന്റെ 20 വർഷങ്ങൾ നഷ്ടപ്പെടുകയും ചെയ്യാൻ കാരണമായ രണ്ട് അധ്യാപകരെ മജീദ് കുറിപ്പിൽ ഓർത്തെടുക്കുന്നു.
മജീദ് സെയ്തിന്റെ ഫേസ്ബുക്ക് കുറിപ്പ്:
എന്റെ ജീവിതം തകർത്ത രണ്ട് അദ്ധ്യാപകർ
ഒന്നാം ഭാഗം
……………………
രണ്ട് അദ്ധ്യാപകർ ചേർന്നാണ് എന്റെ ജീവിതം തകർത്ത് കളഞ്ഞത്.. വെളിച്ചമുദിക്കാത്ത നീണ്ട കാലത്തെ ഇരുട്ടിലേക്ക് തന്നെ തള്ളിയിട്ടത്… എന്റെ പഠനം പാതിവഴിയിൽ അവസാനിപ്പിച്ചത്.. അവരിൽ ഒരാൾ മരിച്ചു.. ജീവിച്ചിരിക്കുന്ന ആൾ എന്നോട് ചെയ്ത മാപ്പർഹിക്കാത്ത തെറ്റിന്റെ കുറ്റബോധവും പേറി ജീവിക്കുന്നു.. ചെയ്ത തെറ്റ് അദ്ദേഹം തന്നെ എല്ലാവരോടും ഇന്ന് ഏറ്റ് പറയുന്നു.
മരിച്ചയാൾ പ്രിൻസിപ്പൽ ആയിരുന്നു… . ഞാൻ മർദ്ദിച്ചു എന്ന് പറഞ്ഞ് അദ്ധ്യാപകൻ പ്രിൻസിപ്പാളിന് കള്ള പരാതി കൊടുക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.. മുഖ്യധാരാ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഞാൻ രണ്ടാം വർഷമായപ്പോൾ സ്വന്തമായി ഒരു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയ്ക്ക് രൂപം കൊടുത്തു.. ആ ഒരു തെറ്റാണ് ഞാൻ ചെയ്തത്. രാഷ്ട്രീയ ചിന്തകൾക്ക് അതീതമായ പൊതുബോധത്തിലൂന്നിയുള്ള ആശയങ്ങളാണ് ഞങ്ങൾ മുന്നോട്ട് വെച്ചത്. ഏതാണ്ട് അത് വിജയിക്കുകയും ചെയ്തു.. ഞങ്ങളുടെ ആശയങ്ങൾ കാട്ട് തീ പോലെ പടരുകയായിരുന്നു. ഇലക്ഷൻ പോലും ബഹിഷ്‌കരിക്കുന്ന ഒരു ഘട്ടത്തിലേക്ക് ഞങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോയി.. കോളേജിന് അകത്തും പുറത്തും പലതരത്തിലുള്ള എതിർപ്പുകൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നു.. കോളേജിന് പുറത്ത് വെച്ച് പലർക്കും മർദ്ദനമേറ്റു.. നിരന്തരമായ ഭീഷണികളും, ആക്രമണങ്ങളും തുടർന്നപ്പോൾ ഞങ്ങൾക്ക് സംഘടനാ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു.. ആ സമയത്താണ് അദ്ധ്യാപകൻ കള്ളപരാതി കൊടുക്കുന്നത്.. വീണ് കിട്ടിയ അവസരം വിദ്യാർത്ഥി രാഷ്ട്രീയക്കാരും മുതലെടുത്തു… വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടായിരുന്ന പ്രിൻസിപ്പൽ തന്റെ സംഘടനയ്ക്ക് ഉണ്ടാക്കി കൊടുത്ത ആയുധത്തിന്റെ പേര് ചേർത്താണ് ക്യാംപസിൽ അറിയപ്പെട്ടിരുന്നത്.( ഉണ്ടാക്കി കൊടുത്തോ ഇല്ലയോ എന്ന് എനിക്കറിയില്ല.. അദ്ദേഹം ഇന്ന് ജീവനോടെയില്ല.) അങ്ങനെ ഞാൻ സസ്‌പെന്റ് ചെയ്യപ്പെട്ടു.. അധ്യാപകരുടെ മൂന്നംഗ അന്വോഷണ കമ്മീഷനെ പരാതിയുടെ നിജസ്ഥിതി അന്വോഷിക്കാൻ നിയമിക്കുന്നു. ഞാൻ പുറത്തെങ്ങും ഇറങ്ങാതെ വീട്ടിൽ തന്നെ അടച്ചിരുന്നു. അദ്ധ്യാപകനെ തല്ലിയവനെന്ന പേരിൽ പരിഹസിക്കപ്പെട്ടു.വെറുക്കപ്പെട്ടു.. ഒരു ദിവസം എന്റെ അയൽവാസിയായ ഒരു വിദ്യാർത്ഥി എന്നെ കാണാൻ വീട്ടിൽ വന്നു. നാളെ വൈകുന്നേരം അഞ്ച് മണിക്ക് (കോളേജ് വിട്ട ശേഷം) കമ്മീഷനിലുള്ള അദ്ധ്യാപകരെ ആരുമറിയാതെ ചെന്ന് കാണാൻ അവൻ വശം അവർ പറഞ്ഞു വിട്ടു. ഞാൻ പോയി.. നീ തെറ്റ് ചെയ്തില്ല എന്ന് ഞങ്ങൾക്കറിയാം എന്ന് അവർ എന്നോട് പറഞ്ഞു.. പക്ഷെ നിനക്ക് എതിരായി റിപ്പോർട്ട് കൊടുക്കണമെന്നാണ് മുൻവിധി.. ഞാൻ ഒന്നും മിണ്ടിയില്ല. പക്ഷെ ഞങ്ങളുടെ മന:സാക്ഷി അത് സമ്മതിക്കുന്നില്ല എന്ന് അവർ പറഞ്ഞു. എനിക്ക് അനുകൂലമായി അവർ നൽകിയ റിപ്പോർട്ട് പ്രിൻസിപ്പൽ തളളി. വീണ്ടും മറ്റൊരു അന്വോഷണ കമ്മീഷൻ. അവർ തിരക്കഥ അനുസരിച്ച് അവരുടെ ഭാഗം പൂർത്തിയാക്കി.. അങ്ങനെ എന്നെ പിരിച്ച് വിടാൻ പ്രിൻസിപ്പൽ തീരുമാനിച്ചു.പക്ഷെ എന്നെ പഠിപ്പിച്ച ചില അദ്ധ്യാപകർ അതിന് എതിര് പറഞ്ഞു. മഹാരാജാസ് കോളേജിലേക്ക് ട്രാൻസ്ഫർ ആക്കി കൊടുക്കണമെന്ന് നല്ലവരായ ആ അദ്ധ്യാപകർ വാശി പിടിച്ചു.. എന്നോടും അവർ അതിന് നിർബന്ധിച്ചു.. എന്റെ മനസ്സ് അപ്പോഴെല്ലാം ശൂന്യമായിരുന്നു.അങ്ങനെ എന്റെ രണ്ട് അദ്ധ്യാപകർ പ്രിൻസിപ്പലിന്റെ മുറിയുടെ പുറത്ത് നിന്നിട്ട് എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് സ്വഭാവ സർട്ടിഫിക്കറ്റിന് കയറ്റി വിട്ടു .. ഞാൻ ചെന്നു. ജീവിതത്തിൽ ഇത്രയധികം മുറിവേറ്റ ഒരു സംഭവം ഈ നിമിഷം വരെ ഞാൻ മറ്റൊന്ന് ഞാൻ അനുഭവിച്ചിട്ടില്ല.. അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു..
‘സ്വഭാവ സർട്ടിഫിക്കറ്റിൽ എന്ത് എഴുതണമെന്നത് എന്റെ തീരുമാനമാണ്.. നീ പോയി വല്ല ആക്രി പെറുക്കിയും ജീവിക്കാൻ നോക്ക്. ‘ നിന്റെ വർഗ്ഗത്തിന് അതായത് കാക്കാമാർക്ക് പറ്റിയ തൊഴിൽ അതാണ്. അല്ലാതെ സമയം കളയണ്ട..’ അങ്ങിനെ അയാൾ പലതും പറഞ്ഞ് തുടങ്ങി..
ഞാൻ പറഞ്ഞു എനിക്ക് ടി.സി. തന്നേക്കു. അല്ലാതെ താങ്കളുടെ മറ്റൊരു ഔദാര്യവും എനിക്ക് വേണ്ടെന്ന്. പുറത്ത് നിൽക്കുന്ന എന്റെ അദ്ധ്യാപകരോട് ഇനി പഠിക്കാൻ ആഗ്രഹമില്ലെന്ന് ഞാൻ പറഞ്ഞു.. അവരിൽ ഒരു ടീച്ചറുടെ നിറഞ്ഞ കണ്ണിൽ നോക്കി അപരാധിയെ പോലെ ഞാൻ കോളേജ് വിട്ടു.. പിന്നെ കുറെക്കാലത്തേയ്ക്ക് അക്ഷരങ്ങളോട് എനിക്ക് വെറുപ്പായിരുന്നു. രാത്രികളിൽ വീട്ടിൽ നിലവിളിച്ച് ഞാൻ എഴുന്നേറ്റിരുന്നു. ഉറക്കം നഷ്ടപ്പെട്ട എത്ര കാലം.. ചിന്തകൾ മുഴുവൻ അദ്ധ്യാപകനോടുള്ള പക.. പുസ്തകങ്ങൾ വായിക്കാത്ത നീണ്ട വർഷങ്ങൾ പിന്നീട് എന്റെ ജീവിതത്തിൽ ഉണ്ടായി..
ഇന്ന് അതേ കോളേജിൽ ”ചിന്താവിഷ്ടയായ സീതയുടെ ‘ നൂറ് വർഷങ്ങളടെ ചർച്ചയിൽ ഒരു ഭാഗം അവതരിപ്പിക്കാൻ അതിഥിയായി ചെല്ലുമ്പോൾ ഞാനറിഞ്ഞ ജീവിതവും, മനുഷ്യരും ഒരു സമസ്യയായി തുടരുകയാണ്…
……………………..
രണ്ടാം ഭാഗം
…………………….
ഇന്ന് എറണാകുളം നഗരത്തിലിരുന്ന് പ്രശസ്തനായ ഒരു സംവിധായകനുമായി സിനിമ ചർച്ച ചെയ്യുമ്പോഴാണ് അവിചാരിതമായി ഒരു സുഹൃത്തിനെ ഞാൻ കാണുന്നത്.. എന്റെ ചോരപ്പോര് എന്ന കഥ വായിച്ച് വിളിച്ച സംവിധായനായിരുന്നു കൂടെയുണ്ടായിരുന്നത്.. അദ്ധ്യാപകനെ തല്ലി പഠനം പാതിയിലുപേക്ഷിച്ച തെമ്മാടിയായ സതീർത്ഥ്യനെ ഓർക്കാപ്പുറത്ത് കാണാനൊത്ത സന്തോഷം അവന്റെ മുഖത്ത് ഞാൻ കണ്ടു. വെറുക്കപ്പെട്ട ഒരുവൻ ജീവിതമെന്ന അമ്പരപ്പിന്റെ മറ്റൊരു ആഘോഴ കാലത്തിൽ അഭിരമിക്കുന്ന കാഴ്ച അവന് അത്ഭുതമായിരുന്നു.. എനിക്കും.. കാലങ്ങൾക്കിപ്പുറത്തും വെറുപ്പോടെയും അറപ്പോടെയും മാത്രം ഞാൻ ഓർമ്മിക്കാറുള്ള ആ അദ്ധ്യാപകനെ കുറിച്ച് അവൻ പറഞ്ഞു തുടങ്ങി.. യാദൃശ്ചികമായി അവനും സുഹൃത്തും അദ്ധ്യാപകന്റെ വീട്ടിൽ ചെല്ലുന്നു.. സാന്ദർഭികമായി അദ്ദേഹം എന്റെ കാര്യം പറഞ്ഞ് അവരുടെ മുന്നിൽ കരയുന്നു.. ഞാനാണ് അവന്റെ ജീവിതം നശിപ്പിച്ചത് എന്ന് അദ്ദേഹം ഏറ്റ് പറയുന്നു.. മറ്റ് പലരും നിർബന്ധിച്ചിട്ടാണ് ഞാൻ പരാതി കൊടുത്തതെന്ന് അദ്ദേഹം പറയുന്നു.. ഇപ്പോൾ പാപത്തീയിൽ ഒറ്റയ്ക്കിരുന്ന് വേവുന്നു…
ഒരിക്കലും ഒരു ഗുരു ചെയ്യാൻ പാടില്ലാത്തതാണ് അയാൾ എന്നോട് ചെയ്തത്.. അയാൾ ചെയ്ത വലിയ തെറ്റിന് എനിക്ക് നഷ്ടമായത് നീണ്ട ഇരുപത് വർഷങ്ങളാണ്. എന്നോട് ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് അദ്ധ്യാപകൻ അവന്റെ മുന്നിലിരുന്ന് കരയുകയായിരുന്നുവെന്ന് അവൻ പറയുമ്പോൾ ഞാൻ നിർവ്വികാരനായിരുന്ന് കേട്ടു. സർവ്വരുടെ മുന്നിലും ചെയ്യാത്ത തെറ്റിന് തല കുനിക്കേണ്ടി വന്നപ്പോഴും എന്നെയൊന്ന് കേൾക്കാൻ ആരും തുനിഞ്ഞില്ല.. കൊടിയ അപരാധിയെ പോലെ ഞാൻ എല്ലാവരിൽ നിന്നും ഒളിച്ചോടുകയായിരുന്നു..
………………….
മൂന്നാം ഭാഗം
…………………
അവൻ പറഞ്ഞ് തീർന്നപ്പോൾ എന്റെ കണ്ണിൽ നിന്ന് ഓർമ്മകളുടെ ചൂട് പെയ്തിറങ്ങുകയായിരുന്നു. ഒരു നിഴൽ ചിത്രം പോലെ എന്റെ ജീവിതത്തിലെ ഒരു സംഭവം ആ നിമിഷം ഞാൻ ഓർത്തെടുക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷം നാട് വിട്ട് പോകേണ്ടുന്ന അവസ്ഥ എനിക്ക് ഉണ്ടായി.. ഒരിടത്തും ഉറയ്ക്കാതെ ഞാൻ ഉഴറി. എന്റെ വേദനകൾ ആരും കണ്ടില്ല… ഒരു ദിവസം
തീവണ്ടിയിൽ കള്ളയാത്ര ചെയ്ത് ഞാൻ ചേർത്തലയിലേക്ക് വരികയാണ്. നാട് വിട്ട് നടന്ന എന്റെ ജീവിതത്തിന്റെ കയ്പ് കാലങ്ങളുടെ ആദ്യ നാളുകളായിരുന്നു അത്.. എങ്ങോട്ട് പോണമെന്നോ, എന്ത് ചെയ്യണമെന്നോ ഒരു നിശ്ചയവുമില്ല.. മനസ്സ് അതു പോലെ കത്തുകയാണ്. മരണത്തെ കുറിച്ച് പലപ്പോഴും ചിന്തിക്കും..പക്ഷെ അപ്പോഴെല്ലാം ആ അദ്ധ്യാപകനെ ഓർമ്മ വരും.. അയാളെ കൊല്ലുകയാണ് ലക്ഷ്യം.. അതിന് മനസ്സ് പാകപ്പെടുത്തുകയാണ് ഞാൻ .. അർദ്ധരാത്രികളിൽ ഏതെങ്കിലും ട്രെയിനിൽ കയറും.. വെളുക്കുമ്പോൾ എവിടെയെത്തുന്നോ ആ പകൽ അവിടെ തള്ളി നീക്കും. ഒരിടത്തും സ്ഥിരമായി തങ്ങിയില്ല.. വിശപ്പ് കഴിയുന്നത്ര സഹിക്കും.. പറ്റാതാകുമ്പോൾ ലഘുഭക്ഷണം എങ്ങനെയേലും സംഘടിപ്പിക്കും.. രാത്രിയാകുമ്പോൾ വീണ്ടും ഏതേലും ട്രെയിനിൽ കയറും .കുളിച്ചിട്ട് ദിവസങ്ങളായി.. വയററിഞ്ഞ് ഭക്ഷണം കഴിച്ചിട്ടും.. മുഷിഞ്ഞ വേഷത്തിൽ പൊതിഞ്ഞ് കെട്ടി ഞാൻ ലോക്കൽ കംപാർട്ട്‌മെന്റിൽ തറയിൽ കുത്തിയിരിക്കുകയാണ്… ഓരോ സ്റ്റേഷനുകളിലും ഇറങ്ങി വയറ് നിറയെ വെള്ളം കുടിക്കും. കൂടെ ടി.ടി.ആർ കയറുന്നുണ്ടോ എന്നും നോക്കുകയും ചെയ്യും.. ഉച്ചയോടെ വണ്ടി ചേർത്തലയിലെത്തി.. ഒരു കൂട്ടുകാരനെ കണ്ട് കുറച്ച് പൈസ കിട്ടുമോ എന്നറിയാനാണ് ഞാൻ വരുന്നത്.ആളെ കണ്ട് കിട്ടുമോ എന്ന് ഒരു ഉറപ്പുമില്ല.. ഞാൻ സ്റ്റേഷനിലിറങ്ങി. പ്ലാറ്റ്‌ഫോമിലൂടെ നടന്ന് തുടങ്ങി.. വിശന്നിട്ട് ഒരടി മുന്നോട്ട് വെക്കാൻ ആവുന്നില്ല. പ്രായമായ ഒരു സ്ത്രീ അടുപ്പ് കൂട്ടി ചെറിയ ഒരു കലത്തിൽ എന്തോ പാകം ചെയ്യുന്നുണ്ട്.. പ്ലാസ്റ്റിക്കും, കാർട്ടണുകളും ഒക്കെ കൂട്ടിവെച്ച് ചെറിയൊരു മറച്ച് കെട്ട് അവരുടെ പിന്നിലുണ്ട്. അതിലാണ് താമസം.. പ്ലാറ്റ്‌ഫോമിലിരുന്ന് കൈ നീട്ടി കിട്ടുന്നത് കൊണ്ട് ജീവിക്കുകയാണ് ആ സ്ത്രീ.. ഞാൻ കലത്തിലേയ്ക്ക് എത്തിച്ച് നോക്കി. കഞ്ഞി തിളച്ച് മറിയുകയാണ്. വെന്ത് വിടരുന്ന മണം എന്റെ വിശപ്പിനെയും തിളപ്പിച്ചു.. അവർ എന്റെ കണ്ണുകളിലേയ്ക്ക് നോക്കി.. എന്നെ മനസ്സിലായില്ലെങ്കിലും അവർ എന്റെ വികാരം മനസ്സിലാക്കി.. കൈ കൊണ്ട് ഇരിക്കാൻ ആംഗ്യം കാട്ടി. ഞാൻ ഇരുന്നു.. ഒരു ചെറിയ ചളുങ്ങിയ കോപ്പയിൽ പകുതി കഞ്ഞി ഒഴിച്ച് തന്നു. ഒരു പാക്കറ്റ് അച്ചാറും.. എത്ര നാള് കൂടിയാണ് ഒരു വറ്റ് ചോറിന്റെ രുചി വായിൽ നിറയുന്നത്.. ഞാനത് ആർത്തിയോടെ കുടിച്ചു.. കണ്ണ് നീര് പാത്രത്തിൽ വീണ് കലങ്ങി.. എനിക്ക് മതിയായപ്പോൾ ആ പാത്രത്തിൽ കഞ്ഞിയൊഴിച്ച് അവർ കുടിച്ച് തുടങ്ങി. എഴുന്നേറ്റ് പോകാൻ ആംഗ്യം കാട്ടി. ഞാൻ സ്റ്റേഷന് പുറത്തേക്ക് നടന്നു.. ഭാഗ്യം കൂട്ടുകാരനെ കണ്ടു കിട്ടി .750 രൂപ അവൻ തന്നു.. ടൗണിലൂടെ കറങ്ങി തിരിഞ്ഞ് നടന്നിട്ട് സന്ധ്യയോടെ വീണ്ടും ഞാൻ റെയിൽവെ സ്റ്റേഷനിലെത്തി. ആ സ്ത്രീയുടെ അടുത്തേക്ക് ചെന്നു.. അവർ ഉറങ്ങി തുടങ്ങിയിരുന്നു.
ഞാൻ വിളിച്ച് എഴുന്നേൽപ്പിച്ച് 50 രൂപാ കൊടുത്തു.. അവർ തുറിച്ച് നോക്കിയിട്ട് ‘ കൊണ്ട് പോടാ മൈരെന്ന്’ എന്നോട് പറഞ്ഞു.. അനുഭവം കൊണ്ട് ആദ്യമറിഞ്ഞ ഫിലോസഫി അവരുടെ തെറിയാണ്. ഒരു ട്രെയിൻ വരുന്നത് കണ്ട് ഞാൻ അതിൽ കയറി.. അടുത്ത പുലർച്ചെ മറ്റൊരു നഗരത്തിലേക്ക് ഞാനിറങ്ങും..
അങ്ങനെ നീണ്ട് പോയ ആ ഒന്നര വർഷങ്ങളിൽ ഞാൻ എന്തൊക്കെ അനുഭവിച്ചു.. എവിടെയൊക്കെ ചുറ്റി. എത്ര വേലകൾ ചെയ്തു.. എത്ര തെരുവുകളിൽ കിടന്നുറങ്ങി.. എത്ര രാത്രികളിൽ ഒറ്റയ്ക്കിരുന്ന് കരഞ്ഞു… ഒറ്റപ്പെട്ട് പോയെന്ന തിരിച്ചറിവിൽ ക്രമേണ ഞാൻ എന്നെ തന്നെ മറന്ന് തുടങ്ങി..
എന്തിന് വേണ്ടിയാണ് ആ അദ്ധ്യാപകൻ അങ്ങനെയൊരു കള്ളം പറഞ്ഞതെന്ന് ഇന്നും എനിക്കറിയില്ല.. തന്നെ തല്ലിയെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്ത് എന്നെ തെരുവിലേയ്ക്ക് എറിഞ്ഞത് എന്തിനാണ്? എനിക്കറിയില്ല.. പക്ഷെ അതൊക്കെ ഏറ്റ് പറഞ്ഞ് ഇന്നും കരയുന്ന ആ അദ്ധ്യാപകൻ അറിയുന്നുണ്ടോ എന്നോ ഞാനതൊക്കെ മറന്നുവെന്ന്. അതൊക്കെ എന്നോ പൊറുത്തുവെന്ന്.. കാലനീതി സത്യമായ ഒന്നാണ് എന്ന് ഇന്ന് എനിക്ക് ബോധ്യമാണ്.. . എഴുത്ത് എനിക്ക് എന്നെ വിശുദ്ധപ്പെടുത്താനുള്ള ഉപാധിയാണ്.. ഞാൻ എന്നെ മറന്ന്, പിന്നിട്ട് പോയ ജീവിതദുരിതങ്ങളെ മറന്ന് എഴുത്തിലൂടെ പുനർജനി ആസ്വദിക്കുകയാണ്.. മറ്റൊരു മനുഷ്യനായി ജീവിക്കുകയാണ്. അല്ല ജീവിച്ച് തീരുകയാണ്.. ഇന്നെനിക്ക് നേട്ടങ്ങളോട് ആഗ്രഹങ്ങളില്ല.. പകയില്ല.. വെറുപ്പില്ല.. പക്ഷെ ജീവിതത്തോട് അടങ്ങാത്ത ഒരു കൊതിയുണ്ട്. മറ്റൊന്നിനുമല്ല.. സ്വസ്ഥമായ ആകാശം നോക്കി എല്ലാം മറന്ന് മരിച്ച് കിടക്കാൻ മാത്രം..
എന്നെ പഠിപ്പിച്ച പ്രിയ ഗുരുനാഥന്മാരുടെ മുന്നിൽ നിന്ന് മന:പൂർവ്വം വഴിമാറി നടന്നിട്ടുണ്ട്. ഞാനും അവരും.. പക്ഷെ ഇന്ന് വഴിയിൽ വെച്ച് കാണുമ്പോൾ എന്നെ കെട്ടിപ്പിടിച്ച് ചുംബിക്കുകയാണ് അവർ. അവരുടെ വീടുകളിലേക്ക് ക്ഷണിക്കുകയാണ്. . ഒരിക്കൽ തല കുനിച്ച് ഇറങ്ങി പോന്ന അതെ കലാലയം ഇന്ന് എന്നെ മടക്കി വിളിക്കുകയാണ്.. അവരുടെ അതിഥിയായി.. അത് തന്നെയാണ് എന്നെ തകർത്ത് കളഞ്ഞ മനുഷ്യരോടുള്ള എന്റെ പ്രതികാരം.. സുന്ദരമായ പ്രതികാരം..
ക്രൂരമായ ജീവിതമെ ഇനിയെങ്കിലും നിങ്ങൾക്ക് എന്നെ ജീവിക്കാൻ വിട്ടു കൂടെ ….