കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മർദ്ദനത്തിന് ഇരയായി ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പറവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എസ്ഐ ജിഎസ് ദീപക് ഉൾപ്പടെ നാലു പോലീസുകാർക്ക് എതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കേസിൽ ഒമ്പത് പോലീസുകാരണാണ് പ്രതികൾ. ആരോപണവിധേയനായ ഡിഐജി എവി ജോർജിനെ കേസിൽ സാക്ഷിയാക്കി. വരാപ്പുഴയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ശ്രീജിത്ത് എന്ന യുവാവിനെ ആളുമാറി പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.
2018 ഏപ്രിൽ 9ന് രാത്രിയാണ് വരാപ്പുഴ ദേവസ്വംപാടത്തെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിനെ എറണാകുളം റൂറൽ എസ്പിയുടെ സ്ക്വാഡ് കസ്റ്റഡിയിൽ എടുക്കുന്നത്. വീട്ടിൽ നിന്നും ആരംഭിച്ച മർദ്ദനം പോലീസ് സ്റ്റേഷനിലും തുടർന്നു. ഇതോടെയാണ് ഗുരുതരാവസ്ഥയിലായ ശ്രീജിത്ത് മരിച്ചത്. പോലീസുകാരായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചത്. സ്റ്റേഷനിലെത്തിച്ച ശേഷം എസ്ഐ ജിഎസ് ദീപക്ക് ഉൾപ്പെയുള്ളവരും ശ്രീജിത്തിനെ ക്രൂരമായി മർദിച്ചു. ഈ മർദനമാണ് മരണകാരണമായതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ശ്രീജിത്തിന്റെ അടിവയറ്റിലേറ്റ ശക്തമായ ഇടിയിൽ ചെറുകുടൽ ഏറെക്കുറെ അറ്റുപോയിരുന്നു. ഇതടക്കം ആന്തരിക ക്ഷതങ്ങളാണ് മരണകാരണമായത്. ഇതിന്റെ ശാസ്ത്രിയ തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. അപകടം വ്യക്തമായിട്ടും ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചത് തിരുത്താനാകാത്ത വീഴ്ചയായെന്ന് കുറ്റപത്രം പറയുന്നു. മരണം സംഭവിച്ചതോടെ രേഖകളിൽ കൃത്രിമം നടത്തി രക്ഷപെടാൻ ശ്രമിച്ച പ്രതികൾക്ക് കൂട്ടുനിന്നതിനാണ് വരാപ്പുഴ സിഐയായിരുന്ന ക്രിസ്പിൻ സാം പ്രതിയായത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുന്നതിന് റൂറൽ ടൈഗർ ഫോഴ്സ് എന്ന സ്ക്വാഡിനെ നിയോഗിച്ച അന്നത്തെ എസ്പി എവി ജോർജ് ആരോപണവിധേയനായത്.
കസ്റ്റഡിമരണത്തിന് പിന്നാലെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തപ്പോൾ ആളുമാറിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു കണ്ടെത്തൽ. അത് മറയ്ക്കാൻ വ്യാജരേഖയുണ്ടാക്കാനും പോലീസ് ശ്രമിച്ചു. ശ്രീജിത്തിനെ കേസിൽ നിന്നൊഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവർ പ്രദീപ് കുമാറിന്റെ പങ്കും പുറത്തു വന്നതോടെ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരുന്നു.