തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിയമവിരുദ്ധമായി നാളെ ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
ഹര്‍ത്താല്‍ നടത്തണമെങ്കില്‍, ഹര്‍ത്താല്‍ നടത്താനുദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പേ നോട്ടീസ് തരണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അത്തരത്തില്‍ ഒരു സംഘടനയും അറിയിപ്പ് നല്‍കിയിട്ടില്ല. അതിനാല്‍ നിയമവിരുദ്ധമായി നാളെ ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
ഹര്‍ത്താലില്‍ കടകള്‍ അടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ അനുവദിക്കില്ലെന്നും ഡിജിപി പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘാടകര്‍ക്ക് പോലീസ് നോട്ടീസ് നല്‍കും. ഹര്‍ത്താലിനെ നേരിടാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്ആര്‍എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് ഹര്‍ത്താല്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.
എന്നാല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് പ്രമുഖ മുസ്ലീം സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രനിലപാടുകാരുമായി യോജിച്ച് സമരത്തിനില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സമസ്തയും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലുമായി ബന്ധമില്ലെന്നും പ്രവര്‍ത്തകരോടെ വിട്ട് നില്‍ക്കണമെന്ന് യൂത്ത് ലീഗും അറിയിച്ചിരുന്നു. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി.
ആദ്യം ഹര്‍ത്താലിനോട് അനുകൂല നിലപാട് സ്വീകരിച്ച ഇകെ സുന്നി വിഭാഗവും ഹര്‍ത്താലില്‍ നിന്ന് വിട്ട് നിന്നു. യോജിച്ചുള്ള ഹര്‍ത്താലിനോട് മാത്രമേ സഹകരിക്കേണ്ടതള്ളൂ എന്ന നിലപാടിലാണ് വിട്ടുനിന്നത്. മുജാഹിദ് വിഭാഗവും ഈ ഹര്‍ത്താലിനെ പിന്തുണക്കുന്നില്ല.
സിപിഎമ്മും ഹര്‍ത്താലിന് എതിരാണ്. വിഷയത്തില്‍ പ്രക്ഷുബ്ധാവസ്ഥ ഉണ്ടായാല്‍ അത് സമരത്തിന്റെ ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്ന നിഗമനത്തിലാണ് മുസ്ലിം സംഘടനകള്‍ ഹര്‍ത്താലില്‍ നിന്നും പിന്മാറുന്നത്.
Discussion about this post