ശബരിമല: ഒരു മിനിറ്റില്‍ 90 പേരെ പിടിച്ച് കയറ്റണം, ഇല്ലെങ്കില്‍ പമ്പ വരെ നീണ്ട ക്യൂ പ്രത്യക്ഷപ്പെടും. ഇത് പതിനെട്ടാംപടിയില്‍ നില്‍ക്കുന്ന പോലീസുകാരുടെ കഷ്ടപ്പാട് ആണ്. ശബരിമല ഡ്യൂട്ടിക്കെത്തുന്നവരില്‍ ഏറ്റവും കഠിനമാണ് പതിനെട്ടാംപടിയിലെ ഡ്യൂട്ടി. തിരക്കേറിയ സമയത്ത് സ്വാമിമാരെ വേഗത്തില്‍ പടികയറാന്‍ സഹായിക്കണം. പ്രായമായവരെ പിടിച്ച് കയറ്റിയും കൊച്ചുമക്കളെ എടുത്ത് കയറ്റിയും നില്‍ക്കാന്‍ പെടാപാടു പെടുകയാണ് പോലീസ്.
ഇപ്പോള്‍ ഇവര്‍ക്ക് ഊര്‍ജം പകരാന്‍ എന്തെങ്കിലും നല്‍കണമെന്ന സ്പെഷ്യല്‍ കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ദേവസ്വം ബോര്‍ഡ് ഹോര്‍ലിക്സും ബിസ്‌കറ്റും നല്‍കാന്‍ തീരുമാനം എടുത്തിരിക്കുകയാണ്. ഹോര്‍ലിക്സും ബിസ്‌കറ്റും പോലീസ് മെസിലേക്ക് ദേവസ്വം ബോര്‍ഡ് കൈമാറും. പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പഴം അടക്കമുള്ളവ നല്‍കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.
10 പോലീസുകാര്‍ വീതമാണ് ഒരേസമയം ഈ കഠിനമായ ജോലി ചെയ്യുന്നത്. തുടര്‍ച്ചയായി 20 മിനിറ്റിലധികം ജോലി ചെയ്യാനാകില്ല. അപ്പോഴേക്കും ഉദ്യോഗസ്ഥര്‍ തളര്‍ന്നു പോവുന്ന കാഴ്ചയാണ് കാണുന്നത്. ഒരോ 20 മിനിറ്റ് കൂടുമ്പോഴും പോലീസുകാര്‍ മാറും. ഓരോ ഗ്രൂപ്പിനും നാല് മണിക്കൂറാണ് പതിനെട്ടാംപടിയില്‍ ഡ്യൂട്ടി. നാല് മണിക്കൂറിനുശേഷം 20 പേരുടെ മറ്റൊരു സംഘം ഡ്യൂട്ടി ഏറ്റെടുക്കും. എആര്‍ ക്യാമ്പില്‍നിന്നുള്ള ചെറുപ്പക്കാരെയാണ് പതിനെട്ടാംപടിയില്‍ നിയോഗിക്കുന്നത്.
Discussion about this post