പത്തനംതിട്ട: പത്തനംതിട്ടയില്‍ വൈദ്യുതി തൂണിന്റെ മുകളില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ യുവാവിനെ താഴെയിറക്കാന്‍ ശ്രമിച്ചങ്കിലും നടന്നില്ല. ഒടുവില്‍ ഫയര്‍ ആന്റ് റെസ്ക്യൂ സേന എത്തി നീണ്ട നേരത്തെ പിരശ്രമത്തിനൊടുവിലാണ് യുവാവിനെ ബലപ്രയോഗത്തിലൂടെ താഴെയിറക്കിയത്. വലഞ്ചുഴി സ്വദേശിയായ 30 കാരന് റിയാസാണ് സംഭവത്തിലെ മുഖ്യ കഥാപാത്രം. ഇയാള്‍ ഓട്ടോറിക്ഷ തൊഴിലാളിയാണ്.
വലഞ്ചുഴി ചാഞ്ഞപ്ലാക്കലിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്. റിയാസ് വൈദ്യുതി തൂണില്‍ കയറി നില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. കാര്യം തിരക്കിയപ്പോള്‍ താന്‍ ആത്മഹത്യ ചെയാന്‍ പോവുകയാണെന്ന് പറഞ്ഞു. പിന്നീട് പ്രദേശത്ത് നാട്ടുകാരും തടിച്ച് കൂടി.
വൈദ്യുതി വകുപ്പില്‍ അറിയിച്ച് ഉടന്‍ തന്നെ വൈദ്യുതി വിച്ഛേദിച്ചു നാട്ടുകാര്‍. പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. പ്രദേശവാസികള്‍ താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും റിയാസ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ തന്റെ ഭാര്യ വന്നാല്‍ ഇറങ്ങാമെന്ന് പറഞ്ഞു.
ഒടുവില്‍ നാട്ടുകാര്‍ ഇയാളുടെ ഭാര്യയെ സംഭവസ്ഥലത്ത് എത്തിച്ചു. അതോടെ ഇയാളുടെ അരിശം ഭാര്യയോടായി. എന്നാല്‍ താന്‍ ആത്മഹത്യ ചെയാന്‍ പോവുകയാണെന്ന് പറഞ്ഞതോടെ ഭാര്യ മയങ്ങി വീണു. ഉടനെ ഭാര്യയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഈ സമയത്താണ് ഫയര്‍ ആന്റ് റെസ്ക്യൂ സേന സംഭവസ്ഥലത്ത് എത്തിയത്.
ഇതിനിടെ റിയാസിനെ രക്ഷപ്പെടുത്താന്‍ ഒരാള്‍ പോസ്റ്റില്‍ കയറുമ്പോഴേക്കും യുവാവ് മറ്റൊരു പോസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. അപ്പോഴേക്കും ഇയാള്‍ വീണാല്‍ താങ്ങുവാന്‍ ഫയര്‍ ആന്റ് റെസ്ക്യൂ സേന താഴെ വലകള്‍ വിരിച്ചു.
ശേഷം പോസ്റ്റില്‍ കയറി യുവാക്കള്‍ റിയാസിനെ വലിച്ചു താഴെയിടുകയായിരുന്നു. ഇയാള്‍ വലയിലാണ് പതിച്ചത്. ഇയാള്‍ക്ക് ചുറ്റും ക്ഷുഭിതരായി നാട്ടുകാര്‍ തടിച്ചുകൂടിയതോടെ റിയാസിനെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.