മുക്കം: മുക്കത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അനുപ്രിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാന്‍ഡ് ചെയ്തു. ആനയാംകുന്ന് മുരിങ്ങംപുറായി സ്വദേശി റിനാസിനെയാണ് താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത പ്രതിയെ ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു. ഐപിസി 306 (ആത്ഹമത്യ പ്രേരണ), 366 (തട്ടിക്കൊണ്ട് പോകല്‍) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അനുപ്രിയ ആന്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് പ്രതിയായ റിനാസ് അനുപ്രിയയുടെ ഫോണ്‍ വാങ്ങിക്കൊണ്ട് പോയിരുന്നു. ഈ ഫോണ്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനുപ്രിയയുടെയും റിനാസിന്റെയും ഫോണ്‍ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ പോലീസ് സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്.
അനുപ്രിയയുടെ ഡയറി മുക്കം പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അനുപ്രിയയുടെ സഹപാഠികളെയും പോലീസ് ചോദ്യം ചെയ്തു. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അനുപ്രിയയെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് സ്‌കൂള്‍ വിട്ടുവന്ന അനുപ്രിയ, അമ്മ കറന്റ് ബില്ലടയ്ക്കാന്‍ പോയപ്പോള്‍ വീട്ടിലെ മുറിയില്‍ തൂങ്ങുകയായിരുന്നു.
മരിക്കുന്നതിന്റെ തലേന്ന് യുവാവുമായി പെണ്‍കുട്ടി പുറത്ത് പോയിരുന്നു. ഇതിനുപുറമേ യുവാവിന്റെ വീട്ടുകാര്‍ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതില്‍ പെണ്‍കുട്ടി മാനസികപ്രയാസം നേരിട്ടിരുന്നതായും സഹപാഠികള്‍ പറഞ്ഞു.
Discussion about this post