ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ അനുവദിക്കണമെന്നും ഓണ്‍ലൈന്‍ പത്രങ്ങളുടെ ജിഎസ്ടി 18 ല്‍ നിന്നും 5 % ആയി കുറയ്ക്കണമെന്നും മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ ‘കോം ഇന്ത്യ’ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 9 എംപിമാര്‍ ഒപ്പിട്ട നിവേദനം തോമസ് ചാഴികാടന്‍ എംപിയും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേലും ചേര്‍ന്ന്് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് കൈമാറി.
ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ആര്‍എന്‍ഐ നിയമത്തിന്റെ പരിധിയിലാക്കി രജിസ്ട്രേഷനും അക്രഡിറ്റേഷനും അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്രമന്ത്രിക്ക് നിവേദനം കൈമാറിയത്. കേന്ദ്ര സര്‍ക്കാര്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ 1957 ലെ പഴയ നിയമം പുതുക്കി പുതിയ ‘രജിസ്ട്രേഷന്‍ ഓഫ് പ്രസ് & പീരിയോഡിക്കല്‍സ് ബില്‍ – 2019’ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളെകൂടി ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി.
ബില്ലിന്റെ കരട് തയാറായതായും മന്ത്രി വ്യക്തമാക്കി. നിലവില്‍ ഓണ്‍മാധ്യമങ്ങള്‍ക്കുള്ള ജിഎസ്ടി പരിധി അച്ചടി മാധ്യമങ്ങള്‍ക്ക് തുല്യമായി 5 ശതമാനത്തിലേക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 9 എംപിമാര്‍ ഒപ്പിട്ട മറ്റൊരു നിവേദനം കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കൈമാറി. തോമസ് ചാഴിക്കാടനും വിന്‍സെന്റ് നെല്ലിക്കുന്നേലും ചേര്‍ന്നാണ് ധനമന്ത്രിക്ക് നിവേദനം കൈമാറിയത്. ഈ വിഷയം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ അനുവദിക്കണമെന്നും ജി എസ്ടി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മന്ത്രിമാര്‍ക്ക് നല്‍കിയ നിവേദനങ്ങളില്‍ കോം ഇന്ത്യക്ക് വേണ്ടിതോമസ് ചാഴിക്കാടന്‍, വികെ ശ്രീകണ്ഠന്‍, കെ സുധാകരന്‍, എഎം ആരിഫ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, അഡ്വ. ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ്, അടൂര്‍ പ്രകാശ് എന്നീ എംപിമാരാണ് രണ്ടു നിവേദനങ്ങളിലും ഒപ്പുവച്ചത്.
നിലവില്‍ ഓണ്‍ലൈന്‍ മാധ്യമ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇതിനായി കേരളത്തിലെ മുഴുവന്‍ എംപിമാരും ഒറ്റക്കെട്ടായി രംഗത്തുണ്ടാകുമെന്ന് എം പിമാര്‍ കോം ഇന്ത്യാ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി.
Discussion about this post