കൊച്ചി: കുഴിയില്‍ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപണി വേഗത്തിലാക്കി അധികൃതര്‍. കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ കുഴിയില്‍ വീണ് എറണാകുളം കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. 8 മാസം മുന്‍പ് കുടിവെള്ള പൈപ്പ് നന്നാക്കാനായി വാട്ടര്‍ അതോറിറ്റി എടുത്ത കുഴി അടക്കാത്തതാണ് അപകടത്തിന് കാരണമായത്.
ജല അതോറിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരത്തില്‍ കുഴിച്ച കുഴികളാണ് അടയ്ക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ നഗരത്തിലെ റോഡുകള്‍ ഗതാഗത യോഗ്യമാക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. പാലാരിവട്ടം മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗത്തെ മൂന്ന് കുഴികളാണ് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം അടച്ചത്.
കൂനമ്മാവ് സ്വദേശി യദുലാലിന്റെ മരണത്തിനിടയാക്കിയ കുഴിക്ക് സമാനമായി പാലാരിവട്ടം മെട്രോ സ്റ്റേഷന് മുന്നില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള കുഴിയും അധികൃതര്‍ കഴിഞ്ഞ രാത്രി അടച്ചു.
പൊതുമരാമത്ത് വകുപ്പില്‍ നിന്ന് അനുമതി കിട്ടാതിരുന്നതാണ് അറ്റകുറ്റപ്പണി വൈകിപ്പിച്ചതെന്നാണ് ജല അതോറിറ്റി അധികൃതരുടെ ആരോപണം. അതേസമയം അനുമതി കിട്ടാന്‍ വൈകുന്നത് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
Discussion about this post