കൊച്ചി: ഇനിയും സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് ആളുകൾ മരിക്കുന്ന സംഭവമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് വ്യക്തിപരമായി നഷ്ടപരിഹാരം ഈടാക്കുമെന്ന മുന്നറിയിപ്പ് നൽകി ഹൈക്കോടതി. കൊച്ചി പാലാരിവട്ടത്ത് യുവാവ് റോഡിലെ കുഴിയിൽ വനീണ് മരിച്ച സംഭവത്തിലാണ് കോടതി വിമർശനമുന്നയിച്ചത്.
ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ഏഴ് തലമുറയുടെ സമ്പാദ്യം കൊണ്ട് തീർക്കാൻ കഴിയാത്ത തുക പിഴയായി ഈടാക്കുമെന്നാണ് കോടതി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊച്ചിയിലെ റോഡുകളുടെ സ്ഥിതി പരിശോധിക്കാൻ മൂന്നംഗ അഭിഭാഷക സമിതിയെയും കോടതി നിയോഗിച്ചു. അമിക്കസ്ക്യൂറിമാർ ഈ മാസം 20 നകം റിപ്പോർട്ട് നൽകണം. റോഡുകൾ നന്നാക്കാൻ ഇനി എത്രപേർ മരിക്കണമെന്നും കോടതി ചോദിച്ചു. അപടകടകാരണം ഉദ്യോഗസ്ഥ വീഴ്ചയാണ്, സർക്കാർ സംവിധാനം പൂർണ്ണപരാജയമാണെന്നും കോടതി വിമർശിച്ചു.
ഇനി ഉദ്യോഗസ്ഥരെ വിശ്വസിക്കില്ലെന്ന് പറഞ്ഞ കോടതി മറ്റ് മാർഗങ്ങൾ കണ്ടെത്തിക്കൊള്ളാമെന്നും വ്യക്തമാക്കി. ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയാത്തതിൽ കോടതിക്ക് നാണക്കേട് തോന്നുന്നു. ഓരോ റോഡിന്റെയും ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർ ആരൊക്കെയെന്ന് അറിയിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. വിവാദമുണ്ടാക്കാൻ ഉദ്ദേശമില്ല. എന്നാൽ സംവിധാനങ്ങൾ ഇടപെട്ടില്ലെങ്കിൽ ഇടപെടും. ഹർജി ഈ മാസം 20ന് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Discussion about this post