മലപ്പുറം: സംസ്ഥാനത്ത് സവാളയ്ക്ക് വില വര്‍ധിച്ചതിനെ തുടര്‍ന്ന് വേറിട്ട സമരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലപ്പുറത്തെ ഒരു കൂട്ടം പാചകക്കാര്‍. സവാളയില്ലാതെ ബിരിയാണി വച്ച് അഞ്ഞൂറിലധികം പേര്‍ക്ക് വിതരണം ചെയ്തായിരുന്നു ഇവരുടെ പ്രതിഷേധം. വില വര്‍ധനവ് തൊഴിലിനെ നേരിട്ട് ബാധിച്ചതോടെയാണ് സമരം വ്യത്യസ്ഥമാക്കാന് കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്സ് യൂണിയന് തീരുമാനിച്ചത്.
പലരും പരിപാടികളെല്ലാം മാറ്റിവച്ചതോടെ പാചകത്തൊഴിലാളികള്‍ക്ക് പണിയില്ലാതായി. ഇതോടെയാണ് മാര്‍ച്ചും ധര്‍ണയും പോലുള്ള സമര പരിപാടി ഒഴിവാക്കി സവാളയില്ലാത്ത ഭക്ഷണം വിളമ്പി പ്രതിഷേധിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.
മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ യൂണിയനിലെ പാചകക്കാര്‍ ഒത്തുചേര്‍ന്നു. ഉള്ളിയില്ലാതെ ബിരിയാണിയുണ്ടാക്കി. വഴിയെ പോയവര്‍ക്കെല്ലാം വയറുനിറയെ ബിരിയാണി നല്കി.