ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; വീണ്ടും തുടരുമോ എന്ന കാര്യത്തില്‍ തീരുമാനം അറിയിക്കും, പോലീസ്

കഴിഞ്ഞ ദിവസം രാത്രി നടന്ന നാമജപങ്ങളും പ്രതിഷേധങ്ങളിലേക്ക് കടക്കാതെ അവസാനിച്ചു.

സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് പൂര്‍ത്തിയാകും. സംഘര്‍ഷ സാധ്യത മുന്‍പില്‍ കണ്ട് നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സന്നിധാനത്തെ പ്രതിഷേധങ്ങളും മയപ്പെട്ടു വരികയാണ്.

കഴിഞ്ഞ ദിവസം രാത്രി നടന്ന നാമജപങ്ങളും പ്രതിഷേധങ്ങളിലേക്ക് കടക്കാതെ അവസാനിച്ചു. വലിയ നടപ്പന്തലിലെ അവശേഷിക്കുന്ന നിയന്ത്രണങ്ങളും മാറ്റുന്നത് പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചതായി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തുടര്‍ച്ചയായ നാലാം ദിനവും സന്നിധാനം പ്രതിഷേധ സ്വഭാവമുള്ള നാമജപത്തിന് വേദിയായി. ശബരിമല കര്‍മസമിതിയുടെ നേത്യത്വത്തില്‍ നടന്ന നാമജപം മാളികപ്പുറത്തിന് സമീപമെത്തി പിരിഞ്ഞു പോയി.

രണ്ടാമത് നടന്ന നാപജപത്തില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പങ്കാളിയായി. നട അടക്കുന്നതിന് തൊട്ട് മുന്‍പ് അതും അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോലീസും കാര്യമായ നിയന്ത്രണത്തിന് മുതിര്‍ന്നില്ല. ഇതോടെ പ്രതിഷേധങ്ങളില്ലാതെ സന്നിധാനം ശാന്തമായി. വലിയ നടപ്പന്തലില്‍ ഇന്നലെ രാത്രി തീര്‍ത്ഥാടകര്‍ വിശ്രമിച്ചു. ഇതോടെ ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.

Exit mobile version