ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തെ സ്വന്തം സംസ്ഥാനത്തിന്റെ പടിക്ക് പുറത്ത് നിർത്തുമെന്ന് പ്രഖ്യാപിക്കാൻ ചങ്കൂറ്റം കാണിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൈയ്യടികൾ അർഹിക്കുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായി തയ്യാറാക്കിയ, ജനങ്ങളെ വിഘടിപ്പിക്കുന്ന നിയമത്തിന് കേരളത്തിൽ സ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി ഉറച്ച ഭാഷയിൽ വ്യക്തമായിരിക്കുന്നത്. ഒപ്പം ഈ നിയമം തങ്ങളുടെ സംസ്ഥാനത്തും നടപ്പാക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും. ഈ മൂന്ന് സംസ്ഥാനങ്ങളല്ലാതെ ഔദ്യോഗികമായി പൗരത്വ ഭേദഗതി ബില്ലിനെ മറ്റ് സംസ്ഥാനങ്ങൾ തള്ളിക്കളഞ്ഞിട്ടില്ല.
എന്നാൽ, ഈ മൂന്ന് മുഖ്യമന്ത്രിമാരുടേയും നിലപാട് അഭിനന്ദനം അർഹിക്കുന്നുണ്ടെങ്കിലും ദേശീയ പൗരത്വ ഭേദഗതി ബിൽ നിയമമയാതോടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഈ നിയമം പാലിക്കാൻ ബാധ്യതയുണ്ടെന്നാണ് യാഥാർത്ഥ്യം. രാജ്യത്തെ ഒരു സംസ്ഥാനത്തിനും അതു നടപ്പാക്കാതിരിക്കാനാവില്ല. പ്രധാനകാരണമെന്തെന്നാൽ ഒരു വ്യക്തിക്ക് പൗരത്വം നൽകുന്നതിൽ സംസ്ഥാനത്തിന് പങ്കില്ല, അത് ചെയ്യുന്നത് കേന്ദ്ര സർക്കാരാണ്. കൂടാതെ പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതി അനുമതി നൽകുകയും ചെയ്ത ഏതൊരു നിയമവും പാലിക്കാൻ രാജ്യത്തെ ഓരോരുത്തർക്കും ബാധ്യതയുണ്ട്.
പാർലമെന്റിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായി മാറിയതിനാൽ നിയമം പാലിക്കാൻ സംസ്ഥാനവും ബാധ്യസ്ഥരാണ്. കേരളമുൾപ്പടെയുള്ള ഒരു സംസ്ഥാനത്തിനും മാറി നിൽക്കാനാകില്ല. ബിൽ നടപ്പാക്കില്ല എന്ന് കേരള, പഞ്ചാബ്, ബംഗാൾ മുഖ്യമന്ത്രിമാർ പറയുന്നതു എത്രമാത്രം പ്രായോഗികമാണെന്ന് ഇനി വരും ദിവസങ്ങൾ തന്നെ തെളിയിക്കേണ്ടി വരും. ജനങ്ങളുടെ ഒന്നടങ്കമുള്ള നിസഹകരണം ചിലപ്പോൾ നിയമം നടപ്പാക്കാൻ താമസമുണ്ടാക്കും എന്നുമാത്രം. ആസാമിൽ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങളിലും സംഘർഷങ്ങളിലും ഇടപെട്ട പോലീസ് മൂന്ന് പേരെ വെടിവെച്ച് വീഴ്ത്തിയതും ഇതിനോടൊപ്പം കൂട്ടി വായിക്കണം. ആയുധമുപയോഗിച്ചും രാഷ്ട്രപതി ഇടപെടലിലൂടെയും നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചേക്കാമെന്നതിന്റെ ഉദാഹരണമായും ഈ വെടിവെയ്പ്പിനെ വീക്ഷിക്കാം. നിയമത്തിന് എതിരായി നിൽക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ ഭരണഘടന ഉപയോഗിച്ച് തന്നെ പിരിച്ചുവിടാൻ പോലും ഒരുപക്ഷെ എൻഡിഎ സർക്കാർ മുതിർന്നേക്കും.
ഈ ഭീഷണികൾ നിലനിൽക്കെ എന്തുവന്നാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും ഈ ബില്ലിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും ധൈര്യത്തോടെ കേരളം വ്യക്തമാക്കിക്കഴിഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷികളും ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇനി കോടതി വിധി മാത്രമാണ് കേരളത്തിന് ഉൾപ്പടെ അവശേഷിക്കുന്ന പ്രതീക്ഷ.
കേരളത്തിലെ സ്ഥിതിയിൽ നിന്നും വ്യത്യസ്തവും ഗുരുതരവുമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അവസ്ഥ. ഇവിടെ ഏഴ് സംസ്ഥാനങ്ങളിലേക്ക് ബംഗ്ലാദേശിൽ നിന്നും വലിയതോതിൽ കുടിയേറ്റമുണ്ടായിട്ടുണ്ട്. ആസാം, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്. മണിപ്പൂർ, നാഗാലാൻഡ്, മിസോറം, മേഘാലയ എന്നിവിടങ്ങളിൽ ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം. ഇവിടങ്ങളിലേക്ക് കുടിയേറിയവർക്ക് പുതിയ ഭേദഗതി പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ തടസങ്ങളില്ല. അതാണ് ആസാമിലെ സംഘർഷത്തിന്റെ പ്രധാന കാരണം. കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനെ എതിർത്താണ് പ്രക്ഷോഭം കത്തിപ്പടരുന്നത്.
ഇത്തരത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ്. എൻആർസിക്കും പൗരത്വ ഭേദഗതി പ്രക്ഷോഭങ്ങൾക്കും എതിരായി ഇവിടങ്ങളിൽ നടക്കുന്ന സമരങ്ങളുടെ കാരണങ്ങളും വ്യത്യസ്തമാണ്. എൻഡിഎ സർക്കാരിനേക്കാൾ വലിയ രാജ്യസ്നേഹം കാണിക്കുന്ന ഈ സംസ്ഥാനങ്ങളിൽ അതുകൊണ്ടു തന്നെ എല്ലായിടത്തും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നുമില്ല.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ചിലയിടങ്ങളിൽ ഇന്നർ ലൈൻ പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ മറ്റു പൗരന്മാർക്ക് ഇവിടെ കയറാനാവില്ല. അരുണാചൽപ്രദേശ്, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങൾ പൂർണമായും ഇന്നർ ലൈൻ പെർമിറ്റ് അഥവാ ഐഎൽപിയുടെ പരിധിയിൽ വരുന്നതാണ്. ആസാമിലും ത്രിപുരയിലും ചില പ്രദേശങ്ങൾ മാത്രമേ ഐഎൽപിയുടെ കീഴിൽ വരുന്നുള്ളൂ. അതു പോലെ പലയിടങ്ങളിലും ഓട്ടോണമസ് ജില്ലാ കൗൺസിലുകളുമുണ്ട്. ഈ പ്രദേശങ്ങളെയും നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അതുകൊണ്ട് മേഘാലയ, ആസാം, ത്രിപുര സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭം കൂടുതൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടർന്ന് ബിജെപി ഭരിക്കുന്ന ത്ര്ിപുരയിലെ സംയുക്ത സമരസമിതി പ്രതിഷേധം അവസാനിപ്പിച്ചിട്ടുമുണ്ട്.
ആസാമിന്റെ സംസ്ഥാന കരാർ പ്രകാരം 1971 മാർച്ച് 25 ആണ് പൗരത്വത്തിനുള്ള അവസാന തീയതി. ദേശീയ പൗര രജിസ്റ്ററിനും ഇതുതന്നെ ആയിരുന്നു ഇവിടുത്തെ കട്ട് ഓഫ് ഡേറ്റ്. എന്നാൽ ഇപ്പോൾ പൗരത്വ ഭേദഗതി നിയമപ്രകാരം അത് 2014 ഡിസംബർ 31 ആക്കിയതാണ് സംസ്ഥാനത്തെ കലാപഭൂമി ആക്കിയിരിക്കുന്നത്. ആസാം കരാറിനെ ഇതോടെ കേന്ദ്രം അസാധുവാക്കി എന്നാണ് ജനങ്ങളുടെ പരാതി. ഇതാണ് ഇവിടെയുള്ള പ്രതിഷേധത്തിന്റെ മറ്റൊരു കാരണം.
ഒരേ നിയമത്തെ ചൊല്ലി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വ്യത്യസ്തമായാണ് പ്രക്ഷോഭം ഉയർന്നിരിക്കുന്നത്. പഞ്ചാബും കേരളവും പശ്ചിമബംഗാളും മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്നതിനും ഇന്ത്യൻ പൗരത്വത്തിന് ആദ്യമായി മതത്തിന്റെ പരിമിതി നിർണയിക്കുന്നതുമാണ് എതിർക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളാകട്ടെ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനെയും.
Discussion about this post