കൊച്ചി: പാലാരിവട്ടത്ത് ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ട യദുലാല്‍ ഒരു കുടുംബത്തിന്റെ അത്താണ്. മറ്റാരും തുണയ്ക്കില്ലാത്ത കുടുംബത്തെ സഹായിക്കണമെന്ന അപേക്ഷ മാത്രമാണ് സര്‍ക്കാരിനോട് ബന്ധുക്കള്‍ക്ക് പറയാനുള്ളത്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് കുടുംബത്തിന്റെ ആശ്രയമായ യദുവിന്റെ ജീവന്‍പൊലിഞ്ഞത്. സഹായമില്ലെങ്കില്‍ കാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സയടക്കം മുടങ്ങും. പോലീസ് അന്വേഷിച്ച് യദുവിന്റെ മരണത്തെ വെറുമൊരു അപകടം മരണമാക്കി തീര്‍ക്കരുതെന്നും ബന്ധുക്കള്‍ പറയുന്നു.
അര്‍ബുദരോഗിയായ അമ്മ കീമോത്തെറാപ്പിക്കായി വീട്ടില്‍ നിന്ന് ഇറങ്ങവെയാണ് മകന്റെ മരണവാര്‍ത്ത അറിയുന്നത്. ജോലി തേടി നഗരത്തില്‍ എത്തിയതായിരുന്നു യദുലാല്‍. മകന്റെ വിയോഗം അറിഞ്ഞപ്പാടെ അമ്മ അവിടെ തളര്‍ന്നുവീണു. യദുവിന്റെ അച്ഛന് തുച്ഛമായ വരുമാനമുള്ള തയ്യല്‍ ജോലിയാണ്. സഹോദരന്‍ പഠനം തുടരുകയാണ്. യദു ഓണ്‍ലൈന്‍ ഭക്ഷണ വില്‍പനയടക്കം വിവിധ ജോലികള്‍ ചെയ്താണ് കുടുംബം പോറ്റിയിരുന്നത്.
ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുഴപ്പംകൊണ്ട് മാത്രമാണ് യദുവിന്റെ കുടുബത്തിന്റെയൊന്നാകെ വഴിയടഞ്ഞത്. ഇവര്‍ക്ക് എന്തെങ്കിലും സഹായം കിട്ടിയേ തീരുവെന്ന് ബന്ധുമിത്രങ്ങള്‍ പറയുന്നു. സെക്ഷന്‍ 174 പ്രകാരം അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തതാണ്. എന്നാല്‍ അത് പോരെന്നും അന്വേഷണത്തിനൊടുവില്‍ വെറുമൊരു അപകടം മരണമാക്കി തീര്‍ക്കരുതെന്നും ബന്ധുക്കള്‍ അപേക്ഷിച്ചു.