തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടിന് അഭിനന്ദനം നേര്‍ന്നത്. മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് ‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’ എന്ന് കുറിച്ചുകൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി പിന്തുണ പ്രഖ്യാപിച്ചത്.
പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാരിന്റെ കരിനിയമമാണെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സാധ്യമായ വേദികളിലെല്ലാം ഇതിനെ സര്‍ക്കാര്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഏറെ വിവാദങ്ങള്‍ക്കും മാരത്തണ്‍ സംവാദങ്ങള്‍ക്കും ഒടുവിലാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്. ലോക്സഭയില്‍ അതിന് മുന്‍പ് ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബില്‍ രാജ്യത്ത് നിയമമായി മാറുകയും ചെയ്തു. പുതിയ നിയമപ്രകാരം പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105-നെതിരെ 125-വോട്ടുകള്‍ക്കായിരുന്നു ബില്‍ രാജ്യസഭ പാസാക്കിയത്.