ന്യൂഡല്‍ഹി: പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം ഉപയോഗിച്ചിരിക്കുന്നത് വിവാദമായിരിക്കെ, സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം.
പുതിയ പോസ്‌പോര്‍ട്ടുകളില്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ ഒപ്പിടുന്നതിന് താഴെയായി ദീര്‍ഘ ചതുരാകൃതിക്ക് ഇരുവശത്തുമായാണ് താമര ചിഹ്നം ചേര്‍ത്തിരിക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചറിയാനും സുരക്ഷ നടപടികളുടെ ഭാഗമായുമാണ് ചിഹ്നം ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. താമര ദേശീയചിഹ്നമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
എന്നാല്‍, താമര ചിഹ്നം ഉള്‍പ്പെടുത്തിയത് കാവിവത്കരണത്തിന്റെ പ്രതീകമാണെന്ന് വ്യാപക ആരോപണം ഉയര്‍ന്നിരിക്കുകയാണ്. കാവി വല്‍ക്കരണത്തിന്റെ ഭാഗമാണിതെന്നും അംഗീകരിക്കാനാകില്ലെന്നും എംകെ രാഘവന്‍ എംപി ലോക്‌സഭയില്‍ പറഞ്ഞിരുന്നു.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നം പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
തെക്കേ ഇന്ത്യയില്‍ ബംഗളൂരു, കൊച്ചി എന്നീ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ ആണ് പുതിയ രീതിയില്‍ പ്രിന്റ് ചെയ്ത ബുക്ക്ലെറ്റ് എത്തിച്ചിരിക്കുന്നത്. ഇത് അടിയന്തരമായി പിന്‍വലിച്ച് പഴപടി പുനഃസ്ഥാപിക്കണമെന്നാണ് എംകെ രാഘവന്‍ എംപി ആവശ്യപ്പെട്ടത്. ഡിഎംകെ, ആര്‍എസ്പി അംഗങ്ങളും രാഘവന്റെ ആവശ്യത്തെ സഭയില്‍ പിന്തുണച്ചിരുന്നു.