കൊച്ചി:റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് തല്‍ക്ഷണം മരിക്കാനിടയായ സംഭവത്തില്‍ ഉത്തരവാദി പൊതുമരാമത്ത് വകുപ്പാണെന്ന് ആരോപിച്ച് ജല അതോറിറ്റി. കുഴി അടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കാത്തതാണ് അപകടത്തിന് കാരണമെന്ന് ജല അതോറിറ്റി ആരോപിച്ചു. പൊട്ടിയ പൈപ്പ് നന്നാക്കാനും അനുമതി നല്‍കിയില്ലെന്നും സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആരോപിക്കുന്നു.
പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ റോഡിലെ കുഴിയില്‍ വീണ് കൂനമ്മാവ് സ്വദേശി യദുലാല്‍ (23)ആണ് മരിച്ചത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയിലെ ജീവനക്കാരനാണ് യദു.
മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറും കൊച്ചി സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ്
ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ് റോഡിലേക്ക് തെറിച്ചു വീണ യദുവിന്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങുകയായിരുന്നു. റോഡിലെ കുഴിക്കു സമീപം വച്ചിരുന്ന ബോര്‍ഡ് തട്ടിയാണ് യുവാവ് കുഴിയില്‍ വീണതെന്നും പിന്നാലെ വന്ന ലോറി യുവാവിന്റെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
Discussion about this post