കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ അറസ്റ്റിൽ. സിബിഐയാണ് രാധാകൃഷ്ണനെ പിടികൂടിയത്. ഇയാൾക്ക് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഹാജരാകാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
രാധാകൃഷ്ണനെ കോഫേ പോസ നിയമപ്രകാരം കരുതൽ തടങ്കലിലാക്കാൻ നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റിലായ രാധാകൃഷ്ണനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികൾ ചേർന്ന് 750 കിലോ സ്വർണ്ണം കടത്തിയെന്നാണ് ഡയറേക്ടറ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ കണ്ടെത്തൽ.
രാജ്യത്ത് തന്നെ നടന്ന ഏറ്റവും വലിയ സ്വർണ്ണ കടത്തുകളിലൊന്നാണ് തിരുവനന്തപുരം വിമാത്താവളം വഴി നടന്നതെന്ന് ഡിആർഐ പറയുന്നു. ഇതേ സ്വർണ്ണ കടത്തുകേസിലെ പ്രതികളായ വിഷ്ണുവും, പ്രകാശ് തമ്പിയും വാഹനാപകടത്തിൽ കൊല്ലപ്പെട്ട ബാലഭാസ്ക്കറിന്റെ മാനേജറുമായിരുന്നു. ബാലഭാസ്കറിന്റെ മരണത്തിന് സ്വർണ്ണക്കടത്തുകാരുമായി ബന്ധമുണ്ടോയെന്നും മുമ്പ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു.
Discussion about this post