കൊച്ചി: കേരളത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇന്ന് വര്‍ധിച്ചു വരികയാണ്. ഇതോടെ സംസ്ഥാനത്ത് നിയമലംഘകര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. ഒറ്റദിവസം ഒരു ജില്ലയില്‍ നിന്നും മോട്ടോര്‍ വാഹനവകുപ്പ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയായി പിരിച്ചത് 55 ലക്ഷം രൂപയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയും തുക പിരിഞ്ഞു കിട്ടിയത്. ജില്ലയില്‍ നഗരങ്ങളും ഉള്‍പ്രദേശങ്ങളും കേന്ദ്രീകരിച്ച് ബുധനാഴ്ച രാവിലെ മുതല്‍ വൈകീട്ടുവരെയായിരുന്നു ഗതാഗത പരിശോധന.
25 സ്‌ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തവര്‍ മുതല്‍ ചട്ടം ലംഘിച്ച് സര്‍വീസ് നടത്തിയ അന്തസ്സംസ്ഥാന ലോറികള്‍ വരെ പരിശോധനയില്‍ കുടുങ്ങി. നാലായിരത്തോളം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയും ചെയ്തു.
ഈ പരിശോധനയില്‍ 2,500-ഓളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി കേസെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് 55 ലക്ഷം രൂപയോളം പിഴ ലഭിച്ചത്. പരിശോധന സ്ഥലത്തുനിന്നും മാത്രം 10 ലക്ഷം രൂപയോളം പിഴയായി ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.