ന്യൂഡൽഹി: നിയമമാകാൻ പോകുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ ഇന്ന് ഹർജി സമർപ്പിച്ചു. മുസ്ലിംലീഗിന്റെ നാല് എംപിമാർ കക്ഷികളായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പാർലമെന്റ് അംഗങ്ങളായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ, പിവി അബ്ദുൾ വഹാബ്, നവാസ് കാനി എന്നിവർ ചേർന്നാണ് ഹർജി സമർപ്പിച്ചത്. സുപ്രീംകോടതിയിൽ ആദ്യത്തെ ഹർജിയായി റിട്ട് ഹർജിയാണ് ഫയൽ ചെയ്തിരിക്കുന്നത്. ക്രിസ്മസ് അവധി ആരംഭിക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക് മുന്നിൽ വരുത്താനാണ് ഹർജി നേരത്തെ നൽകിയത്.
മതത്തിന്റെ പേരിൽ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭേദഗതി ബില്ല് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. മറ്റ് മതവിഭാഗങ്ങൾക്ക് നൽകുന്ന അവകാശം മുസ്ലിങ്ങൾക്ക് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി.
ലോക്സഭയും രാജ്യസഭയും പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെ തുടർന്ന് രാഷ്ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ നിയമമാകും. മുസ്ലിംലീഗിന് പുറമെ മറ്റ് ചില കക്ഷികൾ കൂടി സുപ്രീംകോടതിയിൽ ഹർജി നൽകുമെന്നാണ് സൂചന.
Discussion about this post