ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; അധ്യാപകനെ പുറത്താക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി

കോഴിക്കോട്: കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കി ബാലാവകാശ കമ്മീഷന്‍. ബാലാവാകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ കഴുത്തിന് പിടിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുകയും മുഖത്ത് നഖം ആഴ്ത്തി മാന്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡിസംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. യുപി വിഭാഗം അധ്യാപകന്‍ ശ്രീനിജിത്താണ് ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. മുമ്പും അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

പരിക്കേറ്റ കുട്ടിയുടെയും രക്ഷാകര്‍ത്താകളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മൊഴികള്‍ കമ്മീഷന്‍ രേഖപ്പെടുത്തി. മെഡിക്കല്‍ കോളേജില്‍ നിന്നുളള റിപ്പോര്‍ട്ട്, പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് എന്നിവ തെളിവായി സ്വീകരിച്ചാണ് കമ്മീഷന്‍ ഈ നിഗമനത്തില്‍ എത്തിയതെന്നും പി. സുരേഷ് പറഞ്ഞു.

Exit mobile version