ബംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തി പണവും കാറും കവര്‍ന്ന് യാത്രക്കാര്‍ മുങ്ങി കടന്നുകളഞ്ഞതായി പരാതി. മൂന്നു യാത്രക്കാര്‍ ചേര്‍ന്ന് ഒല ടാക്‌സി ഡ്രൈവറെ കൊള്ളയടിക്കുകയായിരുന്നു.
ഹൊസൂര്‍ റോഡിലെ കുഡ്‌ലു ഗേറ്റിനു സമീപം താമസിക്കുന്ന ടാക്‌സി ഡ്രൈവര്‍ ശിവകുമാറാണ് പോലീസില്‍ പരാതി നല്‍കിയത്. ഒല ആപ്പില്‍ യാത്ര ബുക്ക് ചെയ്ത മൂന്നുപേരാണ് കവര്‍ച്ച നടത്തിയത്. യാത്ര ബുക്ക് ചെയ്ത നമ്പറില്‍ നിന്ന് ഒരാള്‍ ശിവകുമാറിനെ വിളിക്കുകയും വൈറ്റ്ഫീല്‍ഡിലേക്ക് പോകണമെന്ന് പറയുകയും ചെയ്യുകയായിരുന്നു.
ആ സമയത്ത് താന്‍ ദേവനഹള്ളി ടോള്‍ പ്ലാസയ്ക്കു സമീപമായിരുന്നവെന്നും തന്നോട് അതിനടുത്തുളള ടോള്‍ ഗേറ്റിലെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ശിവകുമാര്‍ പറയുന്നു. ഒടിപി നല്‍കിയശേഷം മൂന്നു പേരും കാറില്‍ കയറിയെങ്കിലും ഇടയ്ക്ക് മൂന്നു തവണ പോകേണ്ട സ്ഥലം മാറ്റി പറഞ്ഞു. ഒടുവില്‍ ബുഡിഗെരെ ക്രോസ് എത്തിയപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കാറില്‍ നിന്നിറക്കിയതിനു ശേഷം ശിവകുമാറിന് അന്ന് ലഭിച്ച 8000 രൂപയും മൊബൈല്‍ ഫോണും കൊള്ളസംഘം തട്ടിയെടുത്തു. ഒല ടാക്‌സി ബുക്ക് ചെയ്ത മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ആണെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കാടുഗോഡി പോലീസ് പറഞ്ഞു.