കൊച്ചി: 23ാം വിവാഹവാർഷികം മാത്രമായിരുന്നില്ല സീത തമ്പിക്ക് കഴിഞ്ഞു പോയത്, മകനെ പോലെ സ്‌നേഹിച്ച കൗമാരക്കാരന് ജീവൻ പകുത്ത് നൽകിയ നന്മയുടെ ദിനം കൂടിയായിരുന്നു അത്. വ്യത്യസ്തമായ രീതിയിലാണ് സീത തമ്പിയും കുടുംബവും വിവാഹ വാർഷികം ആഘോഷമാക്കിയത്. ഒരാളുടെ ജീവൻ രക്ഷിച്ചുകൊണ്ടുള്ള ഈ ആഘോഷത്തിന് കൈയ്യടിക്കുകയാണ് വാർത്ത കേട്ടവരെല്ലാം. തന്റെ ആരുമല്ലാത്ത, നേരിട്ട് കണ്ട് വെറും ദിവസങ്ങൾ മാത്രം പരിചയമുള്ള ജയകൃഷ്ണൻ എന്ന 19-കാരന് സീത തമ്പി എന്ന രണ്ട് പെൺമക്കളുടെ അമ്മ ഒരു വൃക്ക പകുത്തുനൽകുകയായിരുന്നു.
ചെറുപ്പത്തിലേ അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയ ഒരു ദളിത് ബാലനാണ് ജയകൃഷ്ണൻ. പാലക്കാട് കോട്ടായി ചെറുകുളം കൊറ്റമംഗലം സ്വദേശി. ജയകൃഷ്ണന് നന്നെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. മുത്തശ്ശി ചെല്ലയാണ് വളർത്തിയത്. അവിവാഹിതയായ വല്യമ്മയാണ് പിന്നെ വീട്ടിലുള്ളത്. ദരിദ്ര്യം മാത്രം കൂട്ടായുള്ള കുടുംബം. പ്ലസ്ടു പഠനം കഴിഞ്ഞ് കംപ്യൂട്ടർ പഠനത്തിനിടെയാണ് ജയകൃഷ്ണന് കാലിൽ നീരു വരുന്നതായി കണ്ടത്. അധികം വൈകാതെ രണ്ട് വൃക്കകളും തകരാറിലാണെന്ന് മനസിലായി. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം ചെയ്യേണ്ട സ്ഥിതി. കുറച്ചുപണം നൽകാനായാണ് ‘ദയ’ ട്രസ്റ്റ് പ്രവർത്തകർ അവനെ കാണാൻ പോയത്. എന്നാൽ ഈ യാത്ര പിന്നീട് ജയകൃഷ്ണന്റെ ജീവിതം തന്നെ മാറ്റി മറിക്കാൻ പോന്നതായിരുന്നു.
‘ദയ’യുടെ പാലക്കാട് ജില്ലാ കോ-ഓർഡിനേറ്റർ ബൈജുവിനോട് ജയകൃഷ്ണൻ കണ്ണീരോടെ പറഞ്ഞ വാക്കുകൾ ആരുടേയും ഉള്ളുലയ്ക്കാൻ പോന്നതായിരുന്നു. അവൻ പറഞ്ഞു: ‘എനിക്ക് ജീവിക്കണം ചേട്ടാ. എന്റെ മുത്തശ്ശിയും വല്യമ്മയും മരിക്കുന്നതുവരെയെങ്കിലും. അവർക്കാരുമില്ല…’. കണ്ണീരോടെയുള്ള ജയകൃഷ്ണന്റെ അപേക്ഷ കേട്ട് കൈയ്യൊഴിയാൻ ദയ ട്രസ്റ്റ് പ്രവർത്തകർക്ക് സാധിച്ചില്ല. വൃക്ക ഉടനെ കിട്ടിയില്ലെങ്കിൽ അവന്റെ സ്ഥിതി ഗുരുതരമാകുമെന്ന് മനസിലായതോടെ, ശസ്ത്രക്രിയയ്ക്കായി പല വഴികൾ നോക്കി. ഒന്നും ശരിയായില്ല. അങ്ങനെയാണ് സീത തമ്പിയെന്ന കോട്ടയം നീറിക്കാട് പുത്തൻപടിക്കൽ ദിലീപ് തമ്പിയുടെ ഭാര്യ മുന്നോട്ട് വന്നത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ആസ്ഥാനമായ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ അഡ്മിൻ പാനൽ അംഗവും സജീവ പ്രവർത്തകയുമാണ് സീത. ജയകൃഷ്ണന്റെ യാത്ര മരണത്തിലേക്കാണെന്ന് വ്യക്തമായതോടെ സ്വന്തം വൃക്ക പകുത്ത് നൽകാൻ സീത തീരുമാനിച്ചു. എല്ലാ പിന്തുണയുമായി ഈ 47കാരിയുടെ മക്കളായ കാശ്മീരയും കാവേരിയും കൂടെ നിന്നു. ഒടുവിൽ ഈ ചൊവ്വാഴ്ച എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞു.
ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നു. സീതയുടെ നന്മയ്ക്ക് കൈയ്യടിക്കുന്നതിനോടൊപ്പം അവരുടെ കുടുംബവും വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്കായി സീത മുന്നോട്ട് വന്നപ്പോൾ രണ്ട് പെൺമക്കളുള്ള അവരെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷേ, അപ്പോഴെല്ലാം കൂടെ വലിയ പിന്തുണയുമായി സീതയുടെ കുടുംബം ഉറച്ചുനിൽക്കുകയായിരുന്നു. സീതയുടേയും ജയകൃഷ്ണന്റേയും വൃക്ക ചേരുമെന്ന പരിശോധനാ ഫലം വന്നതോടെയാണ് എല്ലാം പെട്ടെന്ന് നടന്നത്. പണം പിരിക്കാൻ 76 സ്‌ക്വാഡുകളിലായി 2,500 പേർ രംഗത്തിറങ്ങി. ഒറ്റ ദിവസം കൊണ്ട് കോട്ടായി പഞ്ചായത്തിൽനിന്ന് മാത്രം അവർ പിരിച്ചത് 15 ലക്ഷം. സീതയുടെ ഗൾഫിലുള്ള ഭർത്താവ് നാട്ടിലെത്തി ബന്ധപ്പെട്ട പേപ്പറുകളിൽ ഒപ്പിട്ടുനൽകി മടങ്ങി. ഞായറാഴ്ച ഇരുവരും ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റായി. അന്ന് സീതയുടെ 23-ാം വിവാഹ വാർഷിക ദിനമായിരുന്നു. സ്ഥലത്തില്ലെങ്കിലും എല്ലാ പിന്തുണയും പ്രാർത്ഥനയുമായി ഭർത്താവ് ദിലീപ് മനസുകൊണ്ട് കൂടെ നിന്നു.
ചൊവ്വാഴ്ച ശസ്ത്രക്രിയകൾ നടക്കുമ്പോൾ മക്കളും മുംബൈയിൽ സ്ഥിര താമസമാക്കിയ സഹോദരി സുധയും ‘ദയ’യുടെ പ്രവർത്തകരുമാണ് ആശുപത്രിയിൽ കൂട്ടായി പുറത്ത് ഉണ്ടായിരുന്നത്. നേരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ മാനേജരായി ജോലി ചെയ്തിരുന്ന സീത ഇപ്പോൾ ജോലിക്ക് പോകുന്നില്ല. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി നല്ലൊരു തുക ചെലവാകുമെങ്കിലും ജയകൃഷ്ണന് അടച്ചുറപ്പുള്ള ഒരു വീടുകൂടി വെച്ചുനൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇബി രമേഷ് അറിയിച്ചിട്ടുണ്ട്.
Discussion about this post