മാവേലിക്കര : ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര പുന്നമ്മൂട് സ്വദേശി അച്ചന്‍കുഞ്ഞിന്റെ മകള്‍ അനിലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് അനില അവസാനമായി മാതാപിതാക്കളുമായി ഫോണിലൂടെ സംസാരിച്ചത്.
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സിലെ എംഎസ് വിദ്യാര്‍ഥിനിയായിരുന്നു 27കാരിയായ അനില. ശനിയാഴ്ച രാത്രിയില്‍ അനില വീട്ടിലേക്ക് വിളിച്ചതിന് പിറ്റേദിവസം അച്ചന്‍കുഞ്ഞ് മകളെ വിളിച്ചിരുന്നെങ്കിലും അനില ഫോണ്‍ എടുത്തില്ല. തിങ്കളാഴ്ച വൈകിട്ട് ജര്‍മനിയിലെ സമീപവാസിയായ ഒരാളാണ് അനിലയുടെ മരണവിവരം ഫോണിലൂടെ അറിയിച്ചത്.
മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും അറിവായിട്ടില്ല. കുസാറ്റില്‍ ജോലി ചെയ്യവേ 2017ല്‍ ആണ് ഉപരിപഠനത്തിനായി അനില ജര്‍മനിയില്‍ പോയത്. കഴിഞ്ഞ വര്‍ഷം അവധിക്കു വന്നിരുന്നു. അച്ചന്‍കുഞ്ഞിന്റെ ഏക മകളാണ് അനില.
Discussion about this post