ആലപ്പുഴ: ഒന്നും നോക്കാതെ, മോഹിക്കാതെ വൃക്ക നല്കിയ കൂട്ടുകാരന്റെ മഹാമനസ് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദ്. വൃക്ക ഒന്നും നോക്കാതെ നല്‍കിയിട്ടും അദ്ദേഹം പറഞ്ഞത് ആരോടും പറയരുത് എന്നായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇപ്പോള്‍ ആ മനസ് എല്ലാവരും അറിയേണ്ടതാണെന്ന് തോന്നിയതിനാല്‍ ആണ് പറയുന്നതെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
‘ഒന്നും മോഹിക്കാതെ സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് നല്കാന് ആര്‍ക്കാണ് കഴിയുക? ഇക്കാലത്ത് ഇത്രയും മനുഷ്യത്വമുള്ള ആളെ കണ്ടുകിട്ടുക പ്രയാസം. എല്ലാവര്ക്കും മാതൃകയാക്കാവുന്നതാണ് എന്റെ ഈ കൂട്ടുകാരനെ.’ പ്രസാദ് പറയുന്നു. താന്‍ വൃക്ക നല്‍കിയെന്നകാര്യം ആരോടും പറയരുത്. കൂട്ടുകാരന് നല്കിയ വാക്ക് ഇതുവരെ ബീയാറും സുഹൃത്തുക്കളും പാലിച്ചു. പക്ഷേ, അധികനാള്‍ ഇത്രയും നന്മയുള്ള കൂട്ടുകാരനെ മൂടിവെക്കാനാവില്ലെന്ന് ബീയാര്‍ പറയുന്നു. എല്ലാവരും അറിയണം ആ നല്ല മനുഷ്യനെ. അതുകണ്ട് എല്ലാവര്ക്കും അവയവദാനത്തിന് പ്രചോദനമാകണം.- പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ആഴ്ചയില്‍ രണ്ടുദിവസം ഡയാലിസിസ് നടത്തിക്കൊണ്ടിരുന്ന ബീയാര്‍ പ്രസാദിന് സ്വന്തം വൃക്ക ദാനംചെയ്തത് കൂട്ടുകാരനാണ്. കഴിഞ്ഞ ജനുവരിയിലാണ് ബീയാര്‍ പ്രസാദിന് വൃക്കരോഗം സ്ഥിരീകരിച്ചത്. ഡയാലിസിസ് ചെയ്ത് കഴിയുമ്പോഴാണ് വൃക്കമാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഒടുവില്‍ വൃക്കമാറ്റിവെക്കാന്‍ തീരുമാനിച്ചു. കാശുതന്നാല്‍ വൃക്ക എത്തിക്കാമെന്ന് പറഞ്ഞ് മാഫിയാസംഘംവരെ സമീപിച്ചു. ഇതിനിടെയാണ് സ്വന്തം വൃക്ക നല്‍കാമെന്ന് പറഞ്ഞ് കൂട്ടുകാരന് എത്തിയത്. എന്നാല്‍ താന്‍ സ്നേഹത്തോടെ അത് നിരസിച്ചുവെങ്കിലും കൂട്ടുകാരന് സമ്മതിച്ചില്ലെന്നും പ്രസാദ് പറയുന്നു.
തനിക്കു വേണ്ടെങ്കില്‍ മറ്റാര്‍ക്കെങ്കിലും ഞാന്‍ കൊടുക്കും എന്നുപറഞ്ഞ് കൂട്ടുകാരന് വിടാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ വഴങ്ങാനേ നിര്വാഹമുണ്ടായിരുന്നുള്ളൂവെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു. പരിശോധനയില്‍ കൂട്ടുകാരന്റെ വൃക്ക ചേരും. ഒക്ടോബര്‍ 31-ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നു. വൃക്ക നല്കാന് കൂട്ടുകാരന് കുടുംബത്തോടൊപ്പമാണ് എത്തിയത്. സ്കൂള്‍തലം മുതലേ ബീയാറിന്റെ കൂട്ടുകാരനാണ് ഈ വൃക്കദാതാവ്. പിന്നീട് പാരലല്‍ കോളേജിലും ഒന്നിച്ചു പഠിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ ജോലിയുണ്ട്. പുതുജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ ആ കൂട്ടുകാരനെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് വാക്കുകളില്ല.
Discussion about this post