പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ അച്ചടക്കനടപടി. അധ്യാപിക സുമയോട് അഞ്ചു ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറി നില്ക്കാന് എഇഒ നിര്‍ദ്ദേശിച്ചു. കൂടാതെ, സ്കൂളിലെ പ്രധാനാധ്യാപകന്, ക്ലാസ് ടീച്ചര്‍ എന്നിവരോട് ഒറ്റപ്പാലം എഇഒ വിശദീകരണം തേടി.
വിദ്യാര്‍ത്ഥിനി ക്ലാസില്‍ ഉറങ്ങുന്നത് ശ്രദ്ധിക്കാതെ സ്കൂള്‍ അധികൃതര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് സ്കൂള്‍ അധികൃതര്‍ പൂട്ടിയിട്ടത്. ഇന്നലെ വൈകിട്ട് വാണിയംകുളം പത്തംകുളം സ്കൂളിലാണ് സംഭവം നടന്നത്.
സ്കൂള്‍ സമയം കഴിഞ്ഞ് ഏറെ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ ക്ലാസിനുള്ളില്‍ കണ്ടെത്തിയത്. ക്ലാസില്‍ കുട്ടി ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ ക്ലാസ്മുറിയും സ്കൂളും അടച്ച് ബന്ധപ്പെട്ടവര്‍ പോകുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെ വീട്ടുകാര്‍ എത്തിയാണ് കുട്ടിയെ കണ്ടെത്തിയത്.
Discussion about this post