പാലോട്: വീണ്ടും കണ്ണീരായി മക്കളും മരുമക്കളും ഉണ്ടായിട്ടും ഉപേക്ഷിക്കപ്പെട്ട ഒരു മുത്തശ്ശി കൂടി വാർത്തയിൽ ഇടം പിടിക്കുന്നു. മകൾ താമസിക്കുന്ന തറവാട് വീടിനു പുറത്തെ ചായ്പ്പിൽ ആക്രി സാധനങ്ങൾക്ക് നടുവിൽ കഴിഞ്ഞിരുന്ന മുത്തശ്ശിയാണ് നാടിന് തന്നെ നൊമ്പരമായത്. ഈ മുത്തശ്ശിക്ക് പാപ്പനംകോട് റസിഡൻസ് അസോസിയേഷന്റെ ഇടപെടൽ മൂലം പോലീസ് സഹായത്തോടെ ചികിത്സയും മറ്റു സൗകര്യങ്ങളും ഒരുങ്ങുകയാണ്. പാപ്പനംകോട് വെങ്കിടഗിരിയിലെ വീട്ടിലാണ് 80 വയസ്സു വരുന്ന തങ്കമ്മയെന്ന വൃദ്ധ ഹൃദയം നുറുങ്ങുന്ന കാഴ്ചയാകുന്നത്.
മകൾക്ക് എഴുതി കൊടുത്ത പത്തു സെന്റിലെ വീടിന്റെ പിന്നാമ്പുറത്ത് ടാർപ്പോളിൻ വലിച്ചുകെട്ടിയ ഷെഡിൽ, പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനു നടുവിലാണ് ഇവർ കഴിയുന്നത്. അരികിൽ തന്നെ ആൾമറയില്ലാത്ത ഒരു കിണറുമുണ്ട്. വന സന്ദർശനത്തിനായി പാപ്പനംകോട് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടത്.
വസ്ത്രം പാലുമില്ലാതെയാണ് ഈ വാർധക്യത്താൽ അവശയായ തങ്കമ്മ കിടന്നിരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഉടൻ പാലോട് പോലീസിൽ അറിയിച്ചു. ചികിത്സ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിനോട് അഭ്യർത്ഥിച്ചതായും വീട്ടിലെത്തി ചികിത്സ നൽകുമെന്നും വീടിനുള്ളിൽ കിടത്താൻ മകൾക്ക് നിർദേശം നൽകിയെന്നും നിരീക്ഷിക്കുമെന്നും പോലീസ് പറഞ്ഞു.
Discussion about this post