‘ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ ഉറപ്പാക്കണം’ ; രഹ്‌ന ഫാത്തിമ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസ് തയ്യാറാകുന്നില്ല. പോലീസ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ന്യൂഡല്‍ഹി: ശബരിമല ദര്‍ശനം നടത്താന്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസ് തയ്യാറാകുന്നില്ല. പോലീസ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം, ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

രഹ്‌ന ഫാത്തിമയുടെ ഹര്‍ജിക്കൊപ്പം ബിന്ദു അമ്മിണിയുടെ ഹര്‍ജിയും ഉള്‍പ്പെടുത്താന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ പട്ടികയില്‍ ബിന്ദു അമ്മിണിയുടെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല.

ശബരിമല വിഷയത്തിലെ ഭരണഘടനപരമായ ചോദ്യങ്ങള്‍ വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ 2018ലെ വിധി നടപ്പാക്കണോ, വേണ്ടയോ എന്നതില്‍ അവ്യക്തതയുണ്ട്.

Exit mobile version