‘സേഫ് കേരള പദ്ധതി’ സേഫാക്കാൻ ഉദ്യോഗസ്ഥരില്ല; വണ്ടി പരിശോധനയ്ക്ക് വണ്ടിയുമില്ല; വലഞ്ഞ് സ്‌ക്വാഡുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകൾ സുരക്ഷിതമാക്കാനും റോഡപകടങ്ങൾ കുറയ്ക്കാനുമായി രൂപംകൊടുത്ത സേഫ് കേരള പദ്ധതി 354 വാഹന പരിശോധകരായ ഉദ്യോഗസ്ഥരെ വിനിയോഗിച്ചതിൽ മാത്രമായി ഒതുങ്ങി. ഇവർക്കാവശ്യമായ ഓഫീസുകളോ വാഹനങ്ങളോ ഒരുവർഷമായിട്ടും ഉണ്ടാക്കിയിട്ടില്ല. 14 ജില്ലകളിൽ വിന്യസിച്ചിരിക്കുന്ന എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾക്കാണ് ഈ ദുർഗതി.

അതത് ജില്ലകളിലെ ആർടി ഓഫീസുകളിലാണ് ഇപ്പോൾ ഈ ഉദ്യോഗസ്ഥർക്ക് ഇടം നൽകിയിരിക്കുന്നത്. സ്വന്തം ഓഫീസുകൾ വരുന്നതുവരെ ജില്ലാ ആർടി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ പറഞ്ഞിട്ട് തന്നെ ഇപ്പോൾ ഒരു വർഷമായി. 14 ജില്ലകളിലും സ്ഥലം കണ്ടെത്താൻ ശ്രമം തുടങ്ങിയെങ്കിലും ഫലത്തിലെത്തിയിട്ടില്ല. ജില്ലാ ഓഫീസുകളിലെത്തുന്ന ഉദ്യോഗസ്ഥർ ടൈംടേബിൾ പ്രകാരം ഫീൽഡിലേക്ക് പോവുകയാണ് ചെയ്യുന്നത്. അതും ജില്ലാ ഓഫീസിലെ വാഹനത്തിൽ. വാഹനങ്ങളും ഓഫീസും അനുവദിക്കുമെന്നു പറഞ്ഞാണ് സേഫ് കേരള പദ്ധതി തുടങ്ങിയതുതന്നെ, എന്നാലതൊന്നും നടപ്പായില്ല.

14 ജില്ലകളിലും ഓരോ പ്രത്യേക കൺട്രോൾ റൂമുകൾ സ്ഥാപിച്ച് അവിടെ ഓരോ ആർടിഒമാരും ഓരോ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ഉണ്ടാകും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൺട്രോൾ റൂം സ്ഥാപിക്കാൻ സാധിക്കാതായതോടെ പദ്ധതി അവതാളത്തിലായി. കഴിഞ്ഞവർഷം ജൂണിലാണ് സേഫ് കേരള പദ്ധതി രൂപവത്കരിച്ച് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് 85 സ്‌ക്വാഡുകളാണുള്ളത്. 14 ആർടിഒമാർ, 99 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, 255 എഎംവിഐമാർ എന്നിവരെയാണ് നിയമിച്ചത്. ഇവർ നടത്തുന്ന പരിശോധനകളുടെ തുടർനടപടികൾക്ക് ഒരു ജീവനക്കാരെപ്പോലും അനുവദിച്ചില്ല. ഇപ്പോൾ ജില്ലാ ഓഫീസിന്റെ ശരാശരി 10 കിലോമീറ്റർ ചുറ്റളവിൽ മാത്രമാണ് സ്‌ക്വാഡുകളുടെ പരിശോധകൾ കാര്യമായി നടക്കുന്നത്.

Exit mobile version