പൂത്തിരി കത്തിച്ചത് ബസ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ക്ക് പങ്കില്ല; വിവാദത്തില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നെസ് റദ്ദാക്കി, ഡ്രൈവര്‍ക്കെതിരെ നടപടി

പൂത്തിരി കത്തിച്ചത് വിദ്യാര്‍ത്ഥികളല്ല, ബസ് ജീവനക്കാര്‍ ആണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

താമരശ്ശേരി: കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ച ഒന്നാണ് വിദ്യാര്‍ത്ഥികളുടെ വിനോദ യാത്രയ്ക്കിടെ സ്വകാര്യ ടൂറിസ്റ്റ് ബസിനു മുകളില്‍ പൂത്തിരി കത്തിച്ച സംഭവം. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലും നടപടികളും സ്വീകരിച്ചിരിക്കുകയാണ്. പൂത്തിരി കത്തിച്ചത് വിദ്യാര്‍ത്ഥികളല്ല, ബസ് ജീവനക്കാര്‍ ആണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

കോരങ്ങാട്ടെ താമരശ്ശേരി ജിവിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്കിടെയാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ജന്മദിനാഘോഷച്ചടങ്ങില്‍ കേക്ക് മുറിക്കവേ ബസ് ജീവനക്കാരിലൊരാള്‍ ബസിനുമുകളില്‍ പൂത്തിരി കത്തിക്കുകയായിരുന്നു. സ്‌കൂളില്‍നിന്ന് മൈസൂരു, കുടക് എന്നിവിടങ്ങളിലേക്ക് ഡിസംബര്‍ ഒന്നിന് രാത്രിയാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ അഞ്ചു ബസുകളിലായി വിനോദയാത്രയ്ക്ക് പോയത്.

ഡിസംബര്‍ മൂന്നിന് രാത്രി നാട്ടില്‍ തിരിച്ചെത്തുന്നതിന്റെ തലേന്നാണ് പൂത്തിരി കത്തിച്ച് ആഘോഷം നടത്തിയത്. സംഭവത്തില്‍ ഇപ്പോള്‍ കെഎല്‍ 35 ഡി 5858 നമ്പര്‍ ടൂറിസ്റ്റ് ബസ് ചേവായൂരില്‍മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തിരിക്കുകയാണ്. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പിഎം ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് താല്‍ക്കാലികമായി റദ്ദാക്കി. ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version