കൊച്ചി: പ്രണയത്തില്‍ നിന്ന് പിന്തിരിയാന് പെണ്‍കുട്ടിയെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ച കേസ് ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണ ചുമതല മലപ്പുറം എസ്പിയ്ക്ക് നല്കി.
ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും നടപടി നിയമവിരുദ്ധമാണെന്നും ഇതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി അനുമതിയോടെ പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടി പ്രണയിച്ച യുവാവിനെ ഇന്ന് നിയമപരമായി വിവാഹം കഴിച്ചു. തൃശൂര്‍ കോലാടി സബ് രജിസ്റ്റര്‍ ഓഫിസില്‍ വെച്ചായിരുന്നു രജിസ്റ്റര്‍ വിവാഹം.
പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന് പിതാവും സഹോദരനും ചേര്‍ന്ന് ബിഡിഎസ് വിദ്യാര്‍ത്ഥിനിയെ തൊടുപുഴ പൈങ്കുളത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി എന്നായിരുന്നു കേസ്. പൈങ്കുളം എസ്എച്ച് ആശുപത്രിയിലാണ് പെണ്‍കുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ചത്. വേറെയും പെണ്‍കുട്ടികളെ ഇവിടെ ചികിത്സയെന്ന പേരില്‍ പീഡിപ്പിക്കുന്നതായി രക്ഷപ്പെട്ട പെണ്‍കുട്ടി പറഞ്ഞു.
വീട്ടില്‍ നിന്നും ബോധം കെടുത്തി പൈങ്കുളം എസ് എച്ച് ആശുപത്രിയിലെത്തിച്ച് പൂട്ടിയിട്ട് മരുന്നുകള്‍ നല്കിയ ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും നടപടി സ്വന്തം പ്രൊഫഷന് ചേരാത്ത മോശം പ്രവര്‍ത്തിയാണ്. ഇത് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
യുവാവ് നല്കിയ ഹേബിയസ്കോര്‍പ്പസ് ഹര്‍ജിയിലാണ് പെരിന്തല്‍മണ്ണ ചെറുകര സ്വദേശിനിയായ പെണ്‍കുട്ടിയെ കോടതി ഇടപെട്ട് മോചിപ്പിച്ചത്. പെണ്‍കുട്ടിയെ യുവാവിനൊപ്പം വിടാന്‍ നിര്‍ദേശിച്ച കോടതി ഇവര്‍ക്ക് സുരക്ഷ ഒരുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post