തൃശ്ശൂർ: കേച്ചേരിയിലെ എസ്ബിഐ ബാങ്ക് ശാഖയിൽ അർധരാത്രി കവർച്ച നടത്താനുള്ള കള്ളന്റെ ശ്രമം തകർത്തത് ബ്രാഞ്ച് മാനേജരുടെ സമയോചിത ഇടപെടലായിരുന്നു. ഇന്നലെ അർധരാത്രിയാണ് കള്ളൻ സെൻസർ പ്രവർത്തിക്കുമെന്ന് അറിയാതെ കേച്ചേരിയിലെ ബാങ്കിൽ മോഷണത്തിനെത്തിയത്. എന്നാൽ, അതീവശ്രദ്ധാലുവായ ബാങ്ക് മാനേജരുടെ ഇടപെടൽ കള്ളന്റെ എല്ലാ പ്രതീക്ഷയും തകർക്കുകയായിരുന്നു. ഇതോടെ കള്ളനെ ഓടിച്ച് താരമായിരിക്കുകയാണ് ബാങ്ക് മാനേജരും പണ്ടത്തെ ഇന്ത്യൻ ഫുട്‌ബോളിലെ സന്ദേശ് ജിങ്കാൻ എന്ന് വിശേഷിപ്പിക്കാവുന്ന കെഎഫ് ബെന്നി. തൃശ്ശൂർ സ്വദേശി തന്നെയായ കെഎഫ് ബെന്നി കേരള ഫുട്‌ബോൾ ടീമിന്റെ ഗോൾ വലയിലേക്ക് എതിരാളികളുടെ പാസ് എത്താതെ തടഞ്ഞ സ്റ്റോപ്പർ ബാക്ക് ആയിരുന്നു. എസ്ബിടി ഫുട്‌ബോൾ ടീമിലൂടെയാണ് ബാങ്ക് ജോലിയിൽ പ്രവേശിപ്പിച്ചത്. എസ്ബിടി-എസ്ബിഐ ലയനത്തോടെ എസ്ബിഐയിൽ മാനേജരായി. നിലവിൽ, എസ്ബിഐ കേച്ചേരി ശാഖയുടെ മാനേജരാണ് ബെന്നി.
അർധരാത്രി പന്ത്രണ്ടരയോടെയാണ് ബെന്നിയുടെ മൊബൈൽ ഫോണിൽ അപായം സൂചിപ്പിച്ച് സെൻസറിൽ നിന്നും എത്തുന്ന കോളെത്തിയത്. ഉറക്കം പിടിച്ചു വരുന്നതിനിടെ ആണെങ്കിലും ആ കോൾ ബെന്നി അവഗണിച്ചില്ല. ബാങ്ക് കെട്ടിടത്തിൽ എന്തെങ്കിലും തരത്തിലുള്ള ആഘാതമുണ്ടായാൽ സെൻസറുകൾ പ്രവർത്തിച്ചാണ് ഈ അപായ കോൾ മാനേജരുടെ ഫോണിലേക്ക് എത്തുക. ഫോൺ വിളിയായി തന്നെ സന്ദേശമെത്തുന്നതാണ് ഇതിന്റെ സിസ്റ്റം.
എന്നാൽ പലപ്പോഴും സെൻസർ തെറ്റായി പ്രവർത്തിക്കാറാണ് പതിവ്. അർധരാത്രി കോൾ വന്നതോടെ ആലോചിച്ച് നിൽക്കാതെ ബെന്നി ഉറക്കത്തിൽ നിന്നും ചാടിയെണീക്കുകയായിരുന്നു. സ്ഥിരമായി ബാങ്ക് കവർച്ചാ വാർത്തകൾ വരുന്നത് മനസിലുള്ളതുകൊണ്ട് സമയം പാഴാക്കാതെ ബെന്നി ബാങ്കിന് അടുത്ത് താമസിക്കുന്ന ഒരു സ്റ്റാഫിന്റെ വീട്ടിൽ വിളിച്ച് അലാറം അടിച്ച വിവരം ധരിപ്പിച്ചു. അവർ വന്ന് നോക്കിയപ്പോൾ ബാങ്കിന് പരിസരത്ത് ഒന്നും അസ്വാഭാവികമായി ഒന്നും കാണാൻ സാധിച്ചില്ല. ഇതോടെ തെറ്റായി അപായമണി മുഴങ്ങിയതാണെന്ന് വിചാരിച്ചിരിക്കെയാണ് വീണ്ടും ഫോണിലേക്ക് മുന്നറിയിപ്പ് കോൾ വന്നത്. ഇത് അസാധാരമായതിനാൽ തന്നെ ബെന്നി ഉടൻ തന്നെ ബാങ്ക് ശാഖയിലേക്ക് കുതിച്ചു. പതിനെട്ടു കിലോമീറ്റർ കാറോടിച്ചാണ് ബെന്നി കേച്ചേരിയിലേക്ക് എത്തിയത്.
ബാങ്കിന്റെ പുറത്ത് അസ്വാഭാവികമായി ഒന്നും കാണാനുണ്ടായിരുന്നില്ല. കേച്ചേരി ജങ്ഷനിൽ നിർത്തിയിട്ടിരിക്കുന്ന ഓട്ടോ ഡ്രൈവർമാരുടെ അടുത്ത് ചെന്ന് അപായ ഫോൺ സന്ദേശം വന്ന കാര്യം ബെന്നി അറിയിച്ചു. മോഷണശ്രമം തന്നെയാണോ എന്ന് ഉറപ്പില്ലാത്തതിനാൽ പോലീസിനെ വിളിക്കേണ്ട എന്നായിരുന്നു തീരുമാനം. അതുകൊണ്ട് ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ ബാങ്ക് തുറക്കാനായിരുന്നു പദ്ധതി. എല്ലാവരും ചോർന്ന് ബാങ്കിന്റെ ഷട്ടർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല
ബാങ്ക് അകത്തു നിന്ന് ലോക്ക് ചെയ്ത പോലെയായിരുന്നു. ഷട്ടർ തുറക്കാനുള്ള ശ്രമം മനസിലാക്കിയതോടെ കള്ളൻ ജനൽ കമ്പി വഴി പുറത്തുകടന്ന് ഓടി. കവർച്ചാ ശ്രമമാണെന്ന് മനസിലായതോടെ പോലീസിനെ വിളിച്ച് വിവരം ധരിപ്പിച്ചു. ഓട്ടോ ഡ്രൈവർമാരും ബെന്നിയും കള്ളന് പുറകെ കുറേ നേരം ഓടിയെങ്കിലും ഫലമുണ്ടായില്ല. കള്ളൻ രക്ഷപ്പെട്ട് കളഞ്ഞു.
കള്ളന് ലോക്കർ റൂം തുറക്കാനായില്ല. ജനൽ കമ്പി ബ്ലേഡ് ഉപയോഗിച്ച് അറുത്തുമാറ്റിയാണ് കള്ളൻ അകത്തു കയറിയത്. സിസിടിവിയിൽ കള്ളന്റെ മുഖം പതിഞ്ഞിട്ടുണ്ട്. തലയിൽ ടവൽ കെട്ടിയാണ് അകത്ത് കയറിയത്. ബാങ്കിനകത്തു നിന്ന് കള്ളൻറെ വിരലടയാളങ്ങളും ലഭിച്ചു. ആളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. സെൻസർ ഉള്ള കാര്യം ബാങ്ക് കള്ളന് അറിയില്ലായിരുന്നു എന്നാണ് വിവരം. സെൻസർ പ്രവർത്തിച്ച ഉടനെ, ബാങ്ക് മാനേജരുടെ ഫോണിലേക്ക് അപായ കോൾ പോകുന്ന വിവരം കള്ളന് അറിയാമായിരുന്നെങ്കിൽ അത് ഒഴിവാക്കാൻ ആദ്യം തന്നെ ശ്രമിച്ചേനെ. സെൻസർ കണ്ടുപിടിച്ച് കേടുവരുത്താൻ ശ്രമിച്ചാലും കള്ളന്മാർക്ക് രക്ഷയുണ്ടാകില്ല. ബാങ്കുകളിൽ സാധാരണയായി പലയിടത്തായാണ് സെൻസറുകൾ ഒളിപ്പിച്ച് വെയ്ക്കുക. ഇവ തിരിച്ചറിയാൻ പ്രയാസമാണ്.
Discussion about this post