തിരുവനന്തപുരം: മാധ്യമ പ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ച കയറി ആക്രമണം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പ്രസ് ക്ലബിൽ നിന്നു സസ്‌പെന്റും ചെയ്തു. പ്രസ്‌ക്ലബിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് സസ്‌പെൻഷൻ.
രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ്ബിലേക്ക് വനിതാ മാധ്യമ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. സദാചാര ആക്രമണം പ്രമേയമാക്കിയ ‘ഇഷ്‌ക്’ സിനിമയുടെ അണിയറ പ്രവർത്തകരും ഫിലിം ഫെസ്റ്റിവലിനെത്തിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി, ആൺസുഹൃത്ത് വീട്ടിലെത്തിയതിനെ ചോദ്യം ചെയ്ത് സഹപ്രവർത്തകയുടെ വീട്ടിൽക്കയറി രാധാകൃഷ്ണനും സംഘവും ആക്രമണം നടത്തിയെന്നാണ് പരാതി.
ഇയാളെ കനത്ത പ്രതിഷേധത്തെ തുടർന്ന് വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എം രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ടു വനിതാ മാധ്യമ പ്രവർത്തകർ നടത്തിയ ഉപരോധത്തിനൊടുവിലാണ് പോലീസ് ഇയാളെ പ്രസ് ക്ലബിൽ നിന്നും അറസ്റ്റ് ചെയ്യാൻ തയ്യാറായത്. ശനിയാഴ്ച രാത്രി രാധാകൃഷ്ണനും ഏതാനും പേരും തന്റെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയെന്നായിരുന്നു വനിതാ മാധ്യമ പ്രവർത്തകയുടെ പരാതി. ശാരീരികമായി ആക്രമിച്ചെന്നും പരാതിപ്പെട്ടിരുന്നു. തുടർന്ന് സംഭവം അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അഡീഷനൽ പൊലീസ് കമ്മിഷണർ ഹർഷിത അട്ടല്ലൂരിയോട് ആവശ്യപ്പെട്ടിരുന്നു.