തൃശ്ശൂര്‍: കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരു കോടി രൂപ പുനലൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക്. മാവിള അരിപ്ലാച്ചി ജിബിന്‍ ഭവനിലെ എം ജോസഫിനെ തേടിയാണ് ഭാഗ്യദേവത എത്തിയത്. കെ വൈ 208079 ാം നമ്പര്‍ ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.
എട്ടുവര്‍ഷമായി പുനലൂരിലെ ചെമ്മന്തൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ജോസഫ് കാനറാ ബാങ്ക് പുനലൂര്‍ ശാഖയില്‍ നിന്ന് വായ്പയെടുത്താണ് ഓട്ടോ വാങ്ങിയത്. സ്ഥിരമായി ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാറുണ്ടായിരുന്ന ജോസഫ് ലോട്ടറി വില്‍പ്പനക്കാരനായ മുരളീധരനില്‍ നിന്നാണ് സമ്മാനര്‍ഹമായ ടിക്കറ്റ് എടുത്തത്.
ഒന്നാംസമ്മാനം നേടിയ സന്തോഷത്തിലാണ് ജോസഫും കുടുംബവും ഇപ്പോള്‍. കരവാളൂര്‍ അടുക്കളുമൂലയില് ഭാര്യയും മൂന്ന് മക്കളുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന ജോസഫിന് സ്വന്തമായി ഒരു വീട് പണിയണമെന്നാണ് ആഗ്രഹം.
Discussion about this post