തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ സിനിമാനുഭവം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍. ആദിവാസി സമൂഹം അനുഭവിച്ച പീഡനങ്ങളെ വരച്ചുകാട്ടുന്ന ‘കെഞ്ചിര’ എന്ന സിനിമ കണ്ടതിന്റെ അനുഭവമാണ് മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
‘കെഞ്ചിര’ യില്‍ അഭിനയിച്ച ആദിവാസികളടക്കമുള്ളവര്‍ക്കൊപ്പമിരുന്ന് സിനിമ കാണാന്‍ കഴിഞ്ഞതും സിനിമ കണ്ട ശേഷം അവരോട് സംസാരിക്കാന്‍ കഴിഞ്ഞതും മറക്കാനാവാത്ത അനുഭവമാണന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കെഞ്ചിര
കേരളത്തിലെ ആദിവാസി സമൂഹം അടുത്ത കാലം വരെ അനുഭവിച്ചിരുന്ന പല തലങ്ങളിലെ ചൂഷണവും ഭൂമിക്കു വേണ്ടി നടത്തിയ പോരാട്ടങ്ങളും നമ്മുടെ ഓര്‍മ്മയിലുണ്ട്. മുത്തങ്ങ സമരം കേരളം മറന്നിട്ടില്ല. അത്ര വിദൂരമല്ലാത്ത ആ കാലത്ത് ആദിവാസി സമൂഹം അനുഭവിച്ച പീഡനങ്ങളെ വരച്ചുകാട്ടുന്ന ‘കെഞ്ചിര’ എന്ന സിനിമയാണ് ഇന്ന് കണ്ട സിനിമകളിലൊന്ന്. കൈരളി തിയേറ്ററില്‍ സിനിമ കാണാന്‍ സിനിമയിലെ അഭിനേതാക്കളായ ആദിവാസി സഹോദരങ്ങളും ഉണ്ടായിരുന്നു.
സിനിമയിലെ നായികയുടെ പേരാണ് കെഞ്ചിര. സ്‌കൂളില്‍ മിടുക്കിയായി പഠിച്ചവള്‍. സഹോദരന്റ വിശപ്പ് മാറ്റാന്‍ അവള്‍ക്ക് കടക്കാരനെ കബളിപ്പിക്കേണ്ടി വരുന്നു. സമൂഹം അവളെ കുറ്റപ്പെടുത്തുന്നു. വിദ്യാഭ്യാസം ഉപേക്ഷിച്ച് അവള്‍ വീട്ടിലെ പട്ടിണി മാറ്റാനായി സ്വന്തം അദ്ധ്വാനശക്തിയെ പണയപ്പെടുത്തി പണം വാങ്ങുന്നു. ഈ കെണി ഉപയോഗിച്ച് മുതലാളി അവളെ ലൈംഗികമായി ചൂഷണം ചെയ്ത് ഗര്‍ഭിണിയാക്കുന്നു. മറ്റൊരാളുടെ കുഞ്ഞിനെ പ്രസവിച്ച കെഞ്ചിരയെ വിവാഹം കഴിക്കാന്‍ അവളോട് സ്‌നേഹമുള്ള ആദിവാസി സുഹൃത്ത് തയ്യാറാകുന്നു. അവിടെയും സമാധാനം അകലെത്തന്നെയാണ്.
ഗോത്ര ജീവിതവും പൊതുസമൂഹവും ഭരണ സംവിധാനവും തമ്മിലുള്ള വൈരുധ്യങ്ങളെയും സംഘര്‍ഷങ്ങളെയും സംവിധായകന്‍ മനോജ് കാന സൂക്ഷ്മമായി നോക്കിക്കാണുന്നുണ്ട്. പണിയ സമുദായത്തിന്റെ ജീവിതവും ഭാഷയും സംസ്‌കാരവും മനോഹരമായി ഇഴചേര്‍ത്തിരിക്കുന്നു.
‘കെഞ്ചിര’യില്‍ അഭിനയിച്ച ആദിവാസികളടക്കമുള്ളവര്‍ക്കൊപ്പമിരുന്ന് സിനിമ കാണാന്‍ കഴിഞ്ഞതും സിനിമ കണ്ട ശേഷം അവരോട് സംസാരിക്കാന്‍ കഴിഞ്ഞതും മറക്കാനാവാത്ത അനുഭവമാണ്.
Discussion about this post