തൃശ്ശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം

സംഭവം നടക്കുമ്പോള്‍ എടിഎമ്മിന്റെ അകത്ത് അഞ്ച് ലക്ഷത്തോളം രൂപ ഉണ്ടായിരുന്നു

ചാലക്കുടി: തൃശ്ശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം. ചാലക്കുടി ദേശീയപാതയുടെ സമീപത്തുള്ള ആക്‌സിസ് ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചെങ്കിലും മോഷ്ടാക്കളുടെ ശ്രമം വിജയിച്ചില്ല.

സംഭവം നടക്കുമ്പോള്‍ എടിഎമ്മിന്റെ അകത്ത് അഞ്ച് ലക്ഷത്തോളം രൂപ ഉണ്ടായിരുന്നു. മോഷ്ടാക്കള്‍ എടിഎം കൗണ്ടറിനകത്ത് കയറി മെഷിന്‍ തകര്‍ത്തെങ്കിലും ഇവര്‍ക്ക് പണം അടങ്ങിയ ഭാഗം തുറക്കാന്‍ സാധിച്ചിരുന്നില്ല.

അതേസമയം എടിഎമ്മില്‍ സിസിടിവി ക്യാമറകളും കാവല്‍ക്കാരനും ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് സമീപത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മാസങ്ങള്‍ക്ക് മുമ്പ് കൊരട്ടിയിലെ എടിഎം കൊള്ളയടിച്ച് പണം കവര്‍ന്നിരുന്നു. ജില്ലയില്‍ വീണ്ടും എടിഎം മോഷ്ടാക്കള്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത് പോലീസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Exit mobile version