ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കണം എന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്.
ശബരിമല ആചാര സംരക്ഷണ സമിതി തിങ്കളാഴ്ച രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചേക്കും. ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് രഹന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചത്.
അതെസമയം രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിക്ക് ഒപ്പം ബിന്ദു അമ്മിണിയുടെ അപേക്ഷയും ഈ ആഴ്ച കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വ്യക്തമാക്കിയിരുന്നു. ശബരിമല ദര്‍ശനം നടത്താനാഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണം. യുവതീപ്രവേശനം തടയുന്നവര്‍ക്കെതിരെ നടപടി വേണം. പ്രായ പരിശോധന നടത്തുന്ന പോലീസ് നടപടി ഉടനെ നിര്‍ത്തി വയ്ക്കണം തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.
Discussion about this post