‘തീര്‍ത്തും വ്യത്യസ്തമായ വൈകാരികാനുഭവങ്ങളിലേക്ക് കൊണ്ടുപോകുന്ന സിനിമയാണിത്’; ‘ഓള്‍ ദിസ് വിക്ടറി’യെ കുറിച്ച് മന്ത്രി എകെ ബാലന്‍

ചിത്രം കാണുമ്പോള്‍ തീയേറ്ററിലാണ് ഇരിക്കുന്നതെന്ന് തോന്നിയില്ലെന്നും മറിച്ച് യുദ്ധം കൊണ്ട് പൊറുതിമുട്ടിയ ഒരു ജനതയുടെ നടുവിലാണെന്ന തോന്നലാണ് ഉണ്ടായതെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

യുദ്ധത്തിന്റെയും ആക്രമണങ്ങളുടെയും സമകാലിക അനുഭവങ്ങളില്ലാത്ത കേരളീയരെ തീര്‍ത്തും വ്യത്യസ്തമായ വൈകാരിക അനുഭവങ്ങളിലേക്ക് കൊണ്ടുപോകുന്ന സിനിമയാണ് ‘ഓള്‍ ദിസ് വിക്ടറി’ എന്ന് മന്ത്രി എകെ ബാലന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ചിത്രത്തെ കുറിച്ച് പറഞ്ഞത്. ഇസ്രായേല്‍ ലബനനു നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രമാണിത്.

മൂന്ന് ദിവസത്തെ സംഭവങ്ങള്‍ ഒരേ ലൊക്കേഷനില്‍ ഷൂട്ട് ചെയ്ത സിനിമ അതിന്റെ കലാപരമായ മികവുകൊണ്ടാണ് ഉയര്‍ന്നു നില്‍ക്കുന്നതെന്നും വന്‍തോതില്‍ പണം ചെലവഴിച്ചല്ല മറിച്ച് കലയെ ഉചിതമായി ഉപയോഗിച്ചാണ് മികച്ച സിനിമ ഉണ്ടാക്കേണ്ടതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അഹമ്മദ് ഗൊസൈന്‍ ബോധ്യപ്പെടുത്തുന്നുവെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചിത്രം കാണുമ്പോള്‍ തീയേറ്ററിലാണ് ഇരിക്കുന്നതെന്ന് തോന്നിയില്ലെന്നും മറിച്ച് യുദ്ധം കൊണ്ട് പൊറുതിമുട്ടിയ ഒരു ജനതയുടെ നടുവിലാണെന്ന തോന്നലാണ് ഉണ്ടായതെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മന്ത്രി എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഞാന്‍ കണ്ട സിനിമ ഓള്‍ ദിസ് വിക്ടറി.അഹമ്മദ് ഗൊസൈന്‍ സംവിധാനം ചെയ്ത ‘ആള്‍ ദിസ് വിക്ടറി’ എന്ന സിനിമ രാജ്യാന്തര ചലച്ചിത്ര മേളയില്‍ കാണാന്‍ അവസരം ലഭിച്ചു. യുദ്ധത്തിന്റെയും ആക്രമണങ്ങളുടെയും സമകാലിക അനുഭവങ്ങളില്ലാത്ത കേരളീയരെ തീര്‍ത്തും വ്യത്യസ്തമായ വൈകാരികാനുഭവങ്ങളിലേക്ക് കൊണ്ടുപോകുന്ന സിനിമയാണിത്.

യുദ്ധത്തിന്റെ ദൃശ്യങ്ങള്‍ നിറച്ചല്ല ഈ അനുഭവം സൃഷ്ടിക്കുന്നത്. ശബ്ദം, കഥാപാത്രങ്ങളുടെ ഭാവ പ്രതികരണങ്ങള്‍ എന്നിവയിലൂടെയാണ്. മൂന്ന് ദിവസത്തെ സംഭവങ്ങള്‍ ഒരേ ലൊക്കേഷനില്‍ ഷൂട്ട് ചെയ്ത സിനിമ അതിന്റെ കലാപരമായ മികവുകൊണ്ടാണ് ഉയര്‍ന്നു നില്‍ക്കുന്നത്. വന്‍തോതില്‍ പണം ചെലവഴിച്ചല്ല, കലയെ ഉചിതമായി ഉപയോഗിച്ചാണ് മികച്ച സിനിമ ഉണ്ടാക്കേണ്ടതെന്നും അഹമ്മദ് ഗൊസ്സൈന്‍ ബോധ്യപ്പെടുത്തുന്നു.

ഇസ്രായേല്‍ ലബനനു നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എടുത്ത സിനിമയാണിത്. സിനിമയിലെ നായകനായ മാര്‍വിന്‍ തന്റെ പിതാവിനെ തേടി ഗ്രാമത്തിലെത്തുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയില്‍ എത്തിപ്പെടുന്നു. മാര്‍വിനോടൊപ്പം വൃദ്ധരടക്കം മറ്റ് ചിലര്‍ കൂടിയുണ്ട്. ഇസ്രായേല്‍ ആക്രമണങ്ങളുടെ ശബ്ദം കേട്ട് അവര്‍ ഭയപ്പെടുന്നു. ഓരോ ശബ്ദത്തിലും അവര്‍ ഞെട്ടുന്നു. ആശങ്കയുടെ ആവരണം സിനിമയില്‍ ഉടനീളമുണ്ട്.

രക്ഷാകേന്ദ്രത്തില്‍ അകപ്പെട്ടവര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ പറയുന്നു. മുകളിലുള്ള നിലയില്‍ നില്‍ക്കുന്ന ഇസ്രായേല്‍ പട്ടാളക്കാര്‍ ഭൂമിക്കടിയിലെ നിലയിലുള്ളവരുടെ സാന്നിധ്യം മനസ്സിലാക്കുന്നില്ല.ഈ സിനിമ കാണുമ്പോള്‍ തിയേറ്ററിലാണിരിക്കുന്നതെന്ന് തോന്നിയില്ല. യുദ്ധം കൊണ്ട് പൊറുതിമുട്ടിയ ഒരു ജനതയുടെ നടുവിലാണെന്ന് തോന്നി.ലെബനന്‍, ഫ്രാന്‍സ്, ഖത്തര്‍ സംയുക്ത സംരംഭമായ അറബിക് സിനിമയാണിത്. ഹോളിവുഡിന് പുറത്തുള്ള, മാനവികതയിലൂന്നിയ സിനിമയാണ് ‘ഓള്‍ ദിസ് വിക്ടറി’.

Exit mobile version