പാലക്കാട്: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു വാളയാറില്‍ പീഡനത്തിന് ഇരയായ രണ്ട് സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. ഇപ്പോഴിതാ കോടതി വെറുതെവിട്ട പ്രതികളിലൊരാള്‍ക്കെതിരെ മര്‍ദ്ദനമേറ്റു. കേസിലെ മൂന്നാം പ്രതി മധുവിനാമ് മര്‍ദ്ദനമേറ്റത്.
ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റ് റോഡരികില്‍ കിടന്ന മധുവിനെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാരില്‍ ചിലര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് മധു പോലീസിനോട് പറഞ്ഞത്.
ഇന്നലെ രാത്രിയാണ് സംഭവം. എന്നാല്‍ ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമല്ല. ഇയാളുടെ ദേഹാസകലം പരിക്കേറ്റിട്ടുണ്ട് എന്നാല്‍ പരിക്കുകളൊന്നും ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
കേസിലെ മൂന്നാം പ്രതിയായ ഇയാള്‍ക്കെതിരെ നേരത്തെ ഭീഷണിയുണ്ടായിരുന്നു. കോടതി വെറുതെവിട്ടെങ്കിലും ഇയാളെ നാട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഒരുകൂട്ടം നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണോ ഈ ആക്രമണമെന്ന് വ്യക്തമല്ല.
കഴിഞ്ഞദിവസം ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാളയാര്‍ കേസിലെ പ്രതിക്ക് നേരേ പട്ടാപ്പകല്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
അതേസമയം, കേരളത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളുടെ മരണം. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് ഒക്ടോബര്‍ 25-ന് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നു കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് എന്ന് തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വന്‍പ്രതിഷേധമായിരുന്നു നടന്നത്.