കൊച്ചി: പുതിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ കേന്ദ്രനേതൃത്വം ഇടപെടുന്നു. കെ സുരേന്ദ്രന്, എംടി രമേശ്, കുമ്മനം രാജശേഖരന് എന്നിവര്‍ക്കൊപ്പം ആര്‍എസ്എസ് നേതാക്കളുടെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പിഎസ് ശ്രീധരന് പിള്ള മിസോറാം ഗവര്‍ണര്‍ ആയതിനെത്തുടര്‍ന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വന്നത്. അദ്ധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തില്‍ സംസ്ഥാന നേതാക്കളുടെ ഇടയില്‍ വിഭാഗീയത രൂക്ഷമാണ്. ഡിസംബര്‍ മുപ്പതിന് ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതിനാല്‍ ഈ മാസം പകുതിയ്ക്കകം സംസ്ഥാന അദ്ധ്യക്ഷനെ നിയമിക്കണമെന്നാണ് ലഭിക്കുന്ന വിവരം.
കെ സുരേന്ദ്രനെ അദ്ധ്യക്ഷനാക്കണമെന്നാണ് ആവശ്യമാണ് മുരളീധര പക്ഷത്തിനുള്ളത്. അതേസമയം എംടി രമേശ് അല്ലെങ്കില്‍ എംഎന്‍ രാധാകൃഷ്ണന് അദ്ധ്യക്ഷനാകണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നിലപാട്.
അതിനിടെ കുമ്മനത്തിനെ തിരിച്ചെത്തിക്കണമെന്ന ആഗ്രഹം ആര്‍എസ്എസിലെ ഒരുവിഭാഗത്തിനുണ്ട്. എന്നാല്‍ കേന്ദ്രനേതൃത്വത്തിന് ഇക്കാര്യത്തില്‍ താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ശോഭാ സുരേന്ദ്രനും സാദ്ധ്യത കല്പിക്കുന്നുണ്ട്.
സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് ഞായറാഴ്ച യോഗം വിളിച്ചിട്ടുണ്ട്. അദ്ധ്യക്ഷന്‍ പാര്‍ട്ടിക്ക് പുറത്ത് നിന്ന് വേണമെന്ന ആവശ്യം ഉയര്‍ന്നാല്‍ ആര്‍എസ്എസ് നേതാക്കളെ പരിഗണിക്കും. ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ അന്തിമതീരുമാനമായിട്ടില്ല.
ഗ്രൂപ്പുകള്‍ക്കു പുറമെ സംസ്ഥാന നേതാക്കളെ ഒറ്റയ്ക്ക് കണ്ട് അഭിപ്രായം തേടാന്‍ ജിവിഎല്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്ത ആഴ്ച ആദ്യം കേരളത്തിലെത്തും.
Discussion about this post