കൊച്ചി: കോടതി ഉത്തരവ് പാലിക്കാന്‍ തയ്യാറല്ലാത്തവര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന ബിജെപി എംപി വി മുരളീധരന്റെ മുന്‍പത്തെ വാക്കുകള്‍ അദ്ദേഹത്തെ തന്നെ തിരിഞ്ഞുകൊത്തുകയാണ് ഇപ്പോള്‍.
‘ഈ രാജ്യത്ത് ജീവിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും അല്ലെങ്കില്‍ ഈ നാടിന്റെ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാവണം’ എന്നായിരുന്നു വി മുരളീധരന്റെ പഴയ വാക്കുകള്‍.
2015 ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെയായിരുന്നു മുരളീധരന്റെ ഈ പ്രസ്താവന. 2015 ല്‍ ആള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുസ്‌ലീം വേഷമായ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കേസ് സുപ്രീം കോടതി തള്ളിയിരുന്നു. മാത്രമല്ല ഒരു ദിവസം ഹിജാബ് ധരിച്ചില്ലെന്നുവെച്ച് മതവിശ്വാസം ഇല്ലാതായി പോവില്ലെന്ന് കൂടി ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്ത കൂട്ടിച്ചേര്‍ത്തിരുന്നു.
സുപ്രീം കോടതിയുടെ ഈ പരാമര്‍ശം ഭരണഘടന ഉറപ്പുനല്‍കുന്ന മത വിശ്വാസത്തിനെതിരാണെന്ന വിമര്‍ശനമാണ് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇപി മുഹമ്മദ് ബഷീറും കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരനും അന്ന് ഉയര്‍ത്തിയത്. വിശ്വാസ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇടിയേയും സുധീരനേയും വിമര്‍ശിച്ചുകൊണ്ട് വി മുരളീധരന്‍ പ്രസ്താവന നടത്തിയത്.
”ഇന്ത്യന്‍ ഭരണഘടനയേയും സുപ്രീം കോടതിയേയും മുസ്ലീം ലീഗ് വെല്ലുവിളിക്കുകയാണ്. നിങ്ങളീ രാജ്യത്ത് ജീവിക്കുന്നവരാണെങ്കില്‍ സുപ്രീം കോടതിയെ അനുസരിക്കണം. അല്ലെങ്കില്‍ ഈ രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാകണം’- എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.
മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് വോട്ടു പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും മുരളീധരന്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കോടതിവിധിയും ഭരണഘടനയുമല്ല വിശ്വാസമാണ് വലുതെന്നാണ് വി മുരളീധരനുള്‍പ്പടെയുള്ള ബിജെപി നേതാക്കളുടെ ശബരിമല നിലപാട്.