തൃശ്ശൂര്‍: ഹൈദരാബാദില്‍ യുവ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാലു പേരേയും പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ പോലീസിനെ അഭിനന്ദിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പോലീസിനെ അഭിനന്ദിച്ചത്.
നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി. ജയിലില്‍ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവില്‍ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല എന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ബലാത്സംഗ കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍ കുമാര്‍, ചിന്താകുന്ത ചെന്ന കേശാവുലു എന്നീ നാല് പ്രതികളെയാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പോലീസ് വെടിവെച്ചുകൊന്നത്. പ്രതികളെ തെളിവെടുപ്പിനെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് ഇവര്‍ പോലീസിന് നേരെ കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്.
ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഹൈദരാബാദില്‍ യുവലേഡീഡോക്ടറെ ബലാത്സംഗം ചെയ്തതിനു വേഷം ആ ശരീരം അഗ്‌നിക്കിരയാക്കിയ നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. മനപ്പൂര്‍വം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി. ജയിലില്‍ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവില്‍ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല.
Discussion about this post